News - 2025
എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദ്ദിനാളായിട്ട് ഇന്നേക്ക് നാല്‍പ്പത്തിമൂന്നു വര്‍ഷം
പ്രവാചക ശബ്ദം 27-06-2020 - Saturday
വത്തിക്കാന്‍ സിറ്റി: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടു ഇന്നേക്ക് 43 വര്‍ഷം. ജര്‍മ്മനിയിലെ മ്യൂണിച്ചിലേയും, ഫ്രെയിസിംഗിലേയും മെത്രാപ്പോലീത്തയായിരിക്കെ 1977 ജൂണ്‍ 27ന് അന്നത്തെ പാപ്പ വിശുദ്ധ പോള്‍ ആറാമനാണ് ജോസഫ് റാറ്റ്സിംഗറിനെ (ബെനഡിക്ട് പതിനാറാമന്‍) കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. അന്നു അദ്ദേഹത്തിന് അന്‍പതു വയസ്സായിരുന്നു പ്രായം. കേവലം നാലു വര്‍ഷങ്ങള്‍ക്കകം 1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ബെനഡിക്ട് പതിനാറാമനെ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനാക്കി. നീണ്ട 25 വര്‍ഷത്തെ നിസ്തുല സേവനത്തിനു ശേഷം 2005 ഏപ്രിലിലാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്.
എട്ടു വര്‍ഷത്തോളം ആഗോള സഭയുടെ തലവനായി തിരുസഭയെ നയിച്ച ശേഷം 2013 ഫെബ്രുവരിയില്‍ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയായിരിന്നു. സ്ഥാനത്യാഗം ചെയ്ത നാള്‍ മുതല്‍ വത്തിക്കാനിലെ മാറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ പ്രാര്‍ത്ഥനയും പഠനവുമായി വിശ്രമജീവിതം നയിച്ചു വരികയാണ് അദ്ദേഹം. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും, രേഖകളിലൂടെയും തിരുസഭക്ക് പുത്തന്‍ വിശ്വാസ അനുഭവം പ്രദാനം ചെയ്ത ബെനഡിക്ട് പതിനാറാമന് ഇപ്പോള്‍ 93 വയസ്സാണ് പ്രായം. പ്രൈവറ്റ് സെക്രട്ടറി മോണ്‍. ജോര്‍ജ്ജ് ഗ്വാന്‍സ്വെയിനും ഏതാനും ശുശ്രൂഷകരും ചേര്‍ന്നാണ് മുന്‍പാപ്പയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. ജോസഫ് റാറ്റ്സിംഗര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍ ജനിച്ചുവളര്‍ന്ന ജര്‍മ്മനിയിലെ ബവേറിയയയിലെ ജന്മഗൃഹം ഇപ്പോള്‍ നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു മ്യൂസിയമാണ്.