India - 2025
തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച് സിബിസിഐ
പ്രവാചക ശബ്ദം 30-06-2020 - Tuesday
ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് സംഭവിക്കുന്ന ഇത്തരം ക്രൂരതകളെ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്നവരാകണം പോലീസെന്നും സിബിസിഐ പ്രസിഡന്റും ബോംബെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, നിയമത്തിന്റെ ശക്തമായ ഇടപെടൽ കൃത്യനിർവ്വഹണത്തിൽ കോട്ടംവരുത്താത്ത പോലീസ് ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തുമെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ജയരാജിന്റെയും ബെന്നിക്സിന്റെയും ആത്മശാന്തിയ്ക്കായും വേദന നിറഞ്ഞ ഈ സാഹചര്യത്തിൽ കുടുംബത്തിന് ആശ്വാസവും സമാധാനവും ലഭിക്കുന്നതിനായി സഭ പ്രാർത്ഥിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കുറിച്ചു. അതേസമയം വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കേസിന്റെ തുടർ അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ പത്തൊന്‍പതിനാണ് തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തു ലോക്ക് ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട അടയ്ക്കാത്തതിന് ബെക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന്‍ ജയരാജിനെയും പിടികൂടി. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരിന്നു. രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബെക്സിന്റെ പിന്‍ഭാഗം തകര്‍ന്നുവെന്നും ജയിലിലേക്കുള്ള യാത്രക്കിടെ രക്തസ്രാവം നിലക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതായും വെളിപ്പെടുത്തല്‍ ഉണ്ടായിരിന്നു.
![](/images/close.png)