News - 2024

നൂറ്റാണ്ടിന് ശേഷം പുനഃസ്ഥാപിച്ച പ്രാഗിലെ മരിയൻ തിരുസ്വരൂപം അഗ്നിക്കിരയാക്കുവാന്‍ ശ്രമം

പ്രവാചക ശബ്ദം 01-07-2020 - Wednesday

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ പ്രാഗിന്റെ ഹൃദയഭാഗമായ ടൌണ്‍ സ്ക്വയറില്‍ 102 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവ്ര ദേശീയവാദികൾ തകർത്തു ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ ആരംഭത്തില്‍ പുനഃസ്ഥാപിച്ച മരിയന്‍ രൂപം അഗ്നിക്കിരയാക്കുവാന്‍ ശ്രമം. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സംഘം ആളുകള്‍ ഈ സ്തൂപം കത്തിക്കുവാന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം അക്രമികളെ കണ്ടെത്തുവാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. പെന്തക്കോസ്ത് സഭയുടെ മുന്‍ഗാമികളില്‍ ഒരാളും, ദൈവശാസ്ത്രജ്ഞനുമായിരുന്ന ‘ജാന്‍ ഹുസ്’ന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ് ആക്രമണത്തിന്റെ പിന്നിലെന്നു നിരീക്ഷിക്കപ്പെടുന്നു.

1648ൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ നഗര ചത്വരത്തിൽ ഹാബ്‌സ്ബുർഗ് ചക്രവർത്തിയായ ഫെർഡിനാന്റ് മൂന്നാമനാണ് വിഖ്യാതമായ രൂപം സ്ഥാപിച്ചത്. 270 വര്‍ഷങ്ങള്‍ക്ക് ശേഷം 1918ൽ ചെക്കോസ്ലോവാക്യ പരമാധികാര റിപ്പബ്ലിക്കായപ്പോൾ, ഹാബ്‌സ്ബുർഗ് സാമ്രാജ്യത്വകാലത്തെ പ്രതീകങ്ങൾക്കും സഭയ്ക്കും എതിരെ തീവ്രദേശീയ വാദികൾ അക്രമം അഴിച്ചുവിടുകയായിരിന്നു. അക്രമത്തില്‍ വിഖ്യാതമായ ഈ രൂപവും തകര്‍ന്നു.

ചെക്ക് റിപ്പബ്ലിക്കില്‍ കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം 1990-കളിലാണ് ചരിത്ര സ്മാരകം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നത്. രൂപം പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമത്തിലേക്ക് പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പണം ദാനം ചെയ്തിരിന്നു. മൂന്നു പതിറ്റാണ്ടിന് ശേഷം രൂപം വീണ്ടും യാഥാര്‍ത്ഥ്യമായപ്പോള്‍ അതിനു നേരെയും ആക്രമണം നടന്നതിനെ ഏറെ ആശങ്കയോടെയാണ് പൊതുസമൂഹം നിരീക്ഷിക്കുന്നത്. യൂറോപ്പില്‍ വിശ്വാസപരമായ ആഭിമുഖ്യം തീരെ കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചെക്ക് റിപ്പബ്ലിക്ക്.


Related Articles »