Life In Christ

സഹനത്തെ കൃപയാക്കി മാറ്റിയ ഇറ്റാലിയൻ കൗമാരക്കാരന്‍ ബോനെറ്റ വിശുദ്ധ പദവിയിലേക്ക്

പ്രവാചക ശബ്ദം 12-07-2020 - Sunday

വത്തിക്കാന്‍ സിറ്റി: കാൻസർ പിടിപെട്ടു കാല്‍ മുറിച്ചു നീക്കിയപ്പോഴും സഹനത്തെ അനേകരുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ച് മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരനായ ആൻജിയോളിനോ ബോനെറ്റയുടെ നാമകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരുസംഘം തലവൻ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബോനെറ്റയുടെയും മറ്റ് നാലുപേരുടെയും നാമകരണ നടപടികൾ സംബന്ധിച്ചുള്ള തീരുമാനം ഇന്നലെ ജൂലൈ പതിനൊന്നാം തീയതി പാപ്പ കൈക്കൊണ്ടത്. ഇതോടെ ദൈവദാസൻ എന്നറിയപ്പെട്ടിരുന്ന ആൻജിയോളിനോ ബോനെറ്റ, ധന്യൻ എന്ന പദവിയിലേക്ക് ഉയർന്നു.

1948 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി ഉത്തര ഇറ്റാലിയൻ നഗരമായ സിഗോളിയിലാണ് ബോനെറ്റ ജനിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു മികച്ച കായിക താരം കൂടിയായിരുന്നു ആൻജിയോളിനോ ബോനെറ്റയ്ക്കു കാൽമുട്ട് വേദന അലട്ടിയിരുന്നു. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് മൂലം ഉണ്ടാകുന്ന വേദനയാണ് എന്നായിരുന്നു കരുതിയിരുന്നതെങ്കിലും ബോനെറ്റയുടെ ശരീരഭാരവും കുറയുന്നുണ്ടെന്ന് മനസ്സിലാക്കിയ അവന്റെ അമ്മ ഡോക്ടറെ കാണിച്ചപ്പോള്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരിന്നു.

പന്ത്രണ്ടാം വയസിലാണ് ബോനെറ്റയ്ക്ക് ബോൺ കാൻസർ ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും അവന്‍ ദൈവത്തെ മഹത്വപ്പെടുത്തുകയായിരിന്നു. കീമോ തെറാപ്പിയിലൂടെ കടന്നു പോയ നാളുകളിൽ അവന്റെ കാലുകൾ മുറിച്ചു കളയേണ്ടി വന്നു. എഴുത്തുകാരനായ ജോവാൻ കരോൾ ക്രൂസ് ഏഴുതിയ 'സെയിന്‍സ് ഫോർ ദി സിക്ക്' എന്ന പുസ്തകത്തിൽ, ബോനെറ്റ കാൻസർ രോഗത്തെ എപ്രകാരമാണ് സന്തോഷത്തോടെ നേരിട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ അവന്റെ സഹനങ്ങൾ ദൈവസന്നിധിയിലേക്ക് സമർപ്പിക്കണമെന്ന് ഒരു സന്യാസി പറഞ്ഞപ്പോൾ ബോനെറ്റ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: "പാപികളുടെ മാനസാന്തരത്തിന് വേണ്ടി ഞാൻ എല്ലാ സഹനങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ചു കഴിഞ്ഞു. എനിക്ക് പേടിയില്ല; യേശു എന്നെ സഹായിക്കാനായി എപ്പോഴും വരും."

ബോനെറ്റ ഊന്നുവടിയുടെ സഹായത്തോടെ മുടന്തി വരുന്നതുകണ്ട് സഹതപിച്ച സ്ത്രീയോട് അവന്‍ മറുപടി പറഞ്ഞതും പുസ്തകത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്, "ഞാൻ വെക്കുന്ന ഓരോ കാൽചുവടും, ഓരോ ആത്മാവിനെ രക്ഷിക്കാൻ പര്യാപ്തമാണെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ" എന്നായിരിന്നു ഈ മകന്റെ ചോദ്യം. കാൻസറിന്റെ വേദന വർദ്ധിച്ചപ്പോൾ ബോനെറ്റ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു. ആ നാളുകളില്‍ ദിവ്യകാരുണ്യ സ്വീകരണത്തിൽ യാതൊരു മുടക്കവും അവൻ വരുത്തിയില്ല. ഒരു ക്രൂശിതരൂപവും, വിശുദ്ധ ബർണദീത്തയുടെ തിരുശേഷിപ്പും അടക്കമുള്ള വിശുദ്ധ വസ്തുക്കൾ ബോനെറ്റ എപ്പോഴും കയ്യിൽ കരുതിയിരുന്നു.

രാത്രി സമയം മറ്റുള്ള കാൻസർ രോഗികൾക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാനായിരുന്നു അവൻ ചെലവഴിച്ചിരുന്നത്. മരിക്കുന്നതിനു തൊട്ടു മുന്‍പ് വരെ ക്രൂശിതരൂപവും, ബർണദീത്തയുടെ തിരുശേഷിപ്പും ബോനെറ്റ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. 1963 ജനുവരി 28നു സമീപത്തുണ്ടായിരുന്ന മാതാവിന്റെ തിരുരൂപത്തിലേക്ക് നോക്കിയാണ് അവൻ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഹൃസ്വമായ ജീവിതത്തില്‍ സഹനത്തെ പുണ്യമാക്കി മാറ്റിയ ആൻജിയോളിനോ ബോനെറ്റയുടെ ജീവിത കഥ വലിയ രീതിയില്‍ ചര്‍ച്ചയായിരിന്നു. 1998 മെയ് 19നാണ് ബോനെറ്റയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നത്. നാമകരണ നടപടികള്‍ വേഗത്തിലായതോടെ ആൻജിയോളിനോ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »