Arts - 2025
അര്‍ണോസ് പാതിരിയുടെ ജീവചരിത്രം ജര്‍മന്‍ ഭാഷയിലേക്ക്
ദീപിക 15-07-2020 - Wednesday
തൃശൂര്‍: ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള അര്‍ണോസ് പാതിരിയുടെ ജീവചരിത്രം ജര്‍മന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ജര്‍മന്‍ ഭാഷയില്‍ അര്‍ണോസിന്റെ ജീവചരിത്രം ഇതാദ്യമാണ്. 2015ല്‍ ഫാ. എബ്രഹാം അടപ്പൂര്‍ തൊണ്ണൂറാമത്തെ വയസില്‍ ഇംഗ്ലീഷില്‍ എഴുതിയ ജീവചരിത്രമാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അര്‍ണോസ് പാതിരിയുടെ ജീവിതകാലവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍, അര്‍ണോസ് പാതിരി ജര്‍മനിയില്‍നിന്നു 438 ദിവസംകൊണ്ട് ഇന്ത്യയില്‍ സൂററ്റില്‍ എത്തിയതുവരെയുള്ള പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തിയ ഫ്രാന്‍സ് കാസ്പര്‍ ഷില്ലിംഗറുടെ യാത്രാവിവരണം, ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്ന് അപ്രത്യക്ഷമായ സന്പാളൂര്‍ ഈശോസഭാ കേന്ദ്രം, അര്‍ണോസ് പാതിരിയും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും, അര്‍ണോസ് പാതിരി യൂറോപ്പിലേക്ക് എഴുതിയ കത്തുകള്‍, ഭാഷാശാസ്ത്രത്തിലും സാഹിത്യത്തിലും നേടിയ നേട്ടങ്ങള്‍, ലോകപ്രശസ്തമായ അര്‍ണോസിന്റെ 'ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക'എന്ന സംസ്‌കൃത വ്യാകരണം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന 11 അധ്യായങ്ങളാണു പുസ്തകത്തിലുള്ളത്.
കേരളത്തിലെ അര്‍ണോസിന്റെ സമസ്ത ജീവിതമേഖലകളെയും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മൂവായിരം വര്‍ഷത്തോളമായി ബ്രാഹ്മണസമുദായം അവരുടെ കുത്തകയാക്കിവച്ചിരുന്ന സംസ്‌കൃതഭാഷ ചരിത്രത്തിലാദ്യമായി ജനകീയമാക്കാന്‍ അര്‍ണോസ് നടത്തിയ ശ്രമങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. തൃശിവപേരൂര്‍ സര്‍വകലാശാല എന്ന് യൂറോപ്യര്‍ വിശേഷിപ്പിച്ചിരുന്ന തൃശൂരിലെ ബ്രാഹ്മണ മഠത്തിലെ നന്പൂതിരിമാരുമായുള്ള ബന്ധം അര്‍ണോസ് എങ്ങനെ സാധിച്ചെടുത്തു എന്നും ഈ പുസ്തകത്തില്‍ പറയുന്നു. ബൈബിള്‍ പ്രമേയങ്ങള്‍ കാവ്യഭാഷയില്‍കൂടി ആണെങ്കിലും കേരളത്തില്‍ ആദ്യമായി അക്ഷരങ്ങള്‍വഴി മലയാളികളെ അറിയിച്ചത് പുത്തന്‍പാന എന്ന കൃതിയില്‍കൂടി അര്‍ണോസ് പാതിരി ആയിരുന്നു.
172 പേജില്‍ 11 അധ്യായങ്ങളിലായി ഈ ജീവചരിത്രം ഇംഗ്ലീഷില്‍നിന്നു ജര്‍മന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയത് അര്‍ണോസിന്റെ ജന്മഗ്രാമമായ ഓസ്റ്റര്‍ക്കാപ്പലിനടുത്ത ഗ്രാമമായ ബാഡസന്‍ ഹോള്‍ഗറിലാണ്. കരോളിനം വിദ്യാഭ്യാസ കേന്ദ്രത്തിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ ആയ എലിസബത്ത് പോളര്‍ട്ട് ടിം ആണ് പ്രൂഫ് റീഡിംഗ് നടത്തി തന്റെ ഭര്‍ത്താവായ ഹോള്‍ഗര്‍ ടിമ്മിനെ പരിഭാഷപ്പെടുത്താന്‍ സഹായിച്ചത്. 14.95 യൂറോ ആണ് പുസ്തകത്തിന്റെ വില.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)