Life In Christ

തെരുവ് ബാല്യങ്ങളുടെ വയറു നിറയ്ക്കുന്ന കന്യാസ്ത്രീക്ക് കെനിയന്‍ സര്‍ക്കാരിന്റെ ബഹുമതി

പ്രവാചക ശബ്ദം 15-07-2020 - Wednesday

നെയ്റോബി: കോവിഡ് 19 കാലത്ത് തെരുവിലെ അനാഥ ബാല്യങ്ങളുടെ വിശപ്പടക്കുന്ന കത്തോലിക്ക കന്യാസ്ത്രീക്ക് കെനിയന്‍ സര്‍ക്കാരിന്റെ ബഹുമതി. കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വീരോചിതമായി പോരാടി രാജ്യത്തെ സഹായിച്ചവര്‍ക്കായി കെനിയന്‍ സര്‍ക്കാര്‍ ഏര്‍‍‌പ്പെടുത്തിയ ഉസാലെന്‍ഡോ അവാര്‍ഡിനു അര്‍ഹരായവരിലാണ് ‘ഡോട്ടര്‍ ഓഫ് ചാരിറ്റി’ സഭാംഗമായ സിസ്റ്റര്‍ വിന്നി മുടുകുവും ഉള്‍പ്പെട്ടിരിക്കുന്നത്. അവാര്‍ഡ് തികച്ചും അപ്രതീക്ഷിതമായിരുന്നെന്നു സിസ്റ്റര്‍ വിന്നി പ്രതികരിച്ചു. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി അസാധാരണമായിട്ടൊന്നും താന്‍ ചെയ്യുന്നില്ലെന്നും സന്യാസിനി സഭാംഗമെന്ന നിലയില്‍ താന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഒന്നും തന്നെ രാഷ്ട്രത്തിന്റെ ബഹുമതി പ്രതീക്ഷിച്ചല്ലായിരുന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ആഴ്ചയില്‍ മൂന്നു ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി) ഉപെണ്ടോ സ്ട്രീറ്റ് ചില്‍ഡ്രന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്കൊപ്പം സിസ്റ്റര്‍ വിന്നി തെരുവിലെ അനാഥ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിവരുന്നുണ്ട്. ഭക്ഷണം വിതരണം നടക്കാത്ത ദിവസങ്ങളിലേക്കുള്ള ഭക്ഷ്യ വിഭവങ്ങള്‍ കൂടി ഈ ദിവസങ്ങളില്‍ നല്‍കുന്നുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങള്‍ മാതാപിതാക്കളെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച കുഞ്ഞുങ്ങളെ സന്ദര്‍ശിക്കുവാനാണ് സിസ്റ്റര്‍ വിനിയോഗിക്കുന്നത്. തെരുവില്‍ കഴിയുന്ന അനാഥ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിക്കൊണ്ട് അവരുടെ അന്തസ്സ് വീണ്ടെടുക്കുക, സാധിക്കുമെങ്കില്‍ അവരെ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ക്കുക എന്നീ ലക്ഷ്യങ്ങളോടെ സിസ്റ്റര്‍ വിന്നി തന്നെയാണ് ‘ഉപെണ്ടോ സ്ട്രീറ്റ് ചില്‍ഡ്രന്‍' പദ്ധതി ആരംഭിച്ചത്.

മഴയും വെയിലും ഏല്‍ക്കാതെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ അങ്കണത്തില്‍വെച്ചാണ് കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് സിസ്റ്റര്‍ വിന്നി പറയുന്നു. തന്റെ മേഖലയായ കിറ്റാലേ രൂപതയിലെ തെരുവ് കുട്ടികള്‍ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും കൊറോണ കാലത്ത് പോലീസിന്റെ മര്‍ദ്ദനത്തെ ഭയന്ന്‍ രാത്രി കാലങ്ങളില്‍ ഇവര്‍ കാട്ടില്‍ ഒളിച്ചു കഴിയുകയാണെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ചാരിറ്റി’യുമായി നടത്തിയ ചര്‍ച്ചയില്‍ തെരുവ് കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സിസ്റ്റര്‍ വിവരിച്ചിരുന്നു. അനാഥ ബാല്യങ്ങളുടെ വയറു നിറയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവര്‍ക്കായി സുരക്ഷിതമായ ഒരു ഭവനം പണി കഴിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ സിസ്റ്റര്‍ വിന്നിയ്ക്കു ഇനിയുള്ളൂ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »