News
കുരിശുകള്‍ നീക്കണം, യേശുവിനു പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ സ്ഥാപിക്കണം: ചൈനീസ് സര്‍ക്കാര്‍ ഉത്തരവ്
പ്രവാചക ശബ്ദം 23-07-2020 - Thursday
ബെയ്ജിംഗ്: കൊറോണയുടെ പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചൈന ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളുടെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകള്‍ മാറ്റുവാനും, യേശുവിന്റെ രൂപങ്ങള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുമുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് രാജ്യത്തെ മതപീഡനപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമായി നിരീക്ഷിക്കപ്പെടുന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്‍ഹുയി, ജിയാങ്സു, ഹെബെയി എന്നീ പ്രവിശ്യകളിലെ ദേവാലയങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഷാംങ്സിയിലെ ദേവാലയങ്ങളോട് കുരിശ് അടക്കമുള്ള വിശ്വാസ പ്രതീകങ്ങള്‍ മാറ്റി പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനാണ് ഉത്തരവില്‍ അനുശാസിക്കുന്നത്. ‘റേഡിയോ ഫ്രീ ഏഷ്യ’യാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അവോഡിയിലേയും, യിന്‍ചാങ്ങിലേയും ദേവാലയങ്ങളിലേക്ക് നൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയതായുള്ള വിവരം പുറത്തുവന്നതിന്റെ പിന്നാലെയാണ് പുതിയ ഉത്തരവും പുറത്തുവന്നിരിക്കുന്നത്.
ക്രെയിനുമായി എത്തിയ സര്‍ക്കാര്‍ അധികാരികള്‍ തങ്ങളുടെ ദേവാലയത്തിന്റെ പൂട്ട് തകര്‍ത്താണ് അകത്തു പ്രവേശിച്ചു ദേവാലയ വസ്തുക്കള്‍ നശിപ്പിച്ചതെന്നു വെന്‍സോയിലെ ക്രൈസ്തവര്‍ പറയുന്നു. തടയുവാന്‍ ശ്രമിച്ച തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനത്തില്‍ പലര്‍ക്കും പരിക്കേറ്റുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ദേവാലയങ്ങളിലെ കുരിശുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരിന്നു. കൊറോണയെ തുടര്‍ന്ന്‍ അടഞ്ഞുകിടന്ന ദേവാലയങ്ങള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ കടുത്ത പീഡനമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ സമൂഹത്തിനും മതനേതാക്കള്‍ക്കുമെതിരെ നടത്തുന്നതെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.
ഉയിഗുര്‍ മുസ്ലീങ്ങളെ തടവിലിട്ട് പീഡിപ്പിക്കുവാനുള്ള തടങ്കല്‍പ്പാളയങ്ങള്‍ ചൈനയില്‍ ഉണ്ടെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള ഡ്രോണ്‍ ഫൂട്ടേജുകള്‍ പുറത്തുവന്ന സമയത്ത് തന്നെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനം ശക്തിപ്രാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ചൈനയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്ന വീഡിയോ ശകലം. കടുത്ത നിരീക്ഷണത്തിലാണ് ചൈനയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. 2030-നോടുകൂടി ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായി ചൈന മാറുമെന്നാണ് പഠനം. ഈ ഭീതിയാകാം ഭരണകൂടം, മതപീഡനം ശക്തമാക്കുന്നതിന് പിന്നിലെ കാരണമായി നിരീക്ഷിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക