News - 2025
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍ അടുത്ത മാസം ആഴ്സും ലൂര്‍ദ്ദും സന്ദര്‍ശിക്കും
പ്രവാചക ശബ്ദം 22-07-2020 - Wednesday
ആഴ്സ്/ ലൂര്‍ദ്: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ലൂര്‍ദ്ദും ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ സാന്നിധ്യം കൊണ്ട് ധന്യമായ ആഴ്സിലെ തീര്‍ത്ഥാടന കേന്ദ്രവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ സന്ദര്‍ശിക്കും. വിശുദ്ധ വിയാനിയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് നാലിനു രാവിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രധാന അള്‍ത്താരയില്‍ കര്‍ദ്ദിനാള്‍ ദിവ്യബലി അര്‍പ്പിക്കും. രാജ്യന്തര തലത്തില്‍ അന്നേദിനം വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന 'വെബിനാര്‍'(webinar) തിരുനാളിന്‍റെ സവിശേഷതയാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനപങ്കാളിത്തം ഒഴിവാക്കിയാണ് തിരുനാള്‍ നടക്കുക.
ആഗസ്റ്റ് 15 ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ലൂര്‍ദ്ദിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തുന്നത്. അന്ന് ഫ്രാന്‍സിലെ കൂടുംബങ്ങളുടെ പ്രതിനിധി സംഘത്തിന്‍റെ തീര്‍ത്ഥാടന കൂട്ടായ്മയില്‍ മഹാമാരിയുടെ സാമൂഹിക നിബന്ധനകള്‍ പാലിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ദിവ്യബലി അര്‍പ്പിക്കും. കോവിഡ് പശ്ചാത്തലത്തില്‍ രോഗികള്‍ക്കൊപ്പമുള്ള പതിവു പ്രദക്ഷിണം ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. മഹാമാരിമൂലം ലൂര്‍ദ്ദില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ ശുശ്രൂഷകളില്‍ പങ്കുചേരാമെന്ന് തീര്‍ത്ഥാടന കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.