India - 2024

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേരള കത്തോലിക്ക സഭ

25-07-2020 - Saturday

കൊച്ചി: കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേരള കത്തോലിക്കാ സഭ. കെസിബിസി തലത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറവും ഹെല്‍ത്ത് കമ്മീഷനുമാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യൂത്ത് കമ്മീഷനും കെസിഎംഎസും ഇതുമായി കൈകോര്‍ക്കുന്നു. കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍, സഭയിലും സമൂഹത്തിലുമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടു സജ്ജരാകണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രയാസമുള്ള രൂപതകളെ സഹായിക്കുന്നതിനു കേരള സോഷ്യല്‍ സര്‍വീസ് ഫോറം സന്നദ്ധത അറിയിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, പിപിഇ കിറ്റ് തുടങ്ങിയവ ഹെല്‍ത്ത് കമ്മീഷന്റെ സഹകരണത്തോടെ കെഎസ്എസ് ഫോറംവഴി ക്രമീകരിക്കും. ഫോറത്തിന്റെ ഓഫീസായ ആമോസ് സെന്ററില്‍നിന്നു സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു ഹെല്‍പ് ലൈന്‍ ക്രമീകരിക്കും. രൂപതകളില്‍ ഇക്കാര്യങ്ങള്‍ക്കായി പ്രത്യേകം ഡയറക്ടര്‍മാരെ നിയമിക്കുകയോ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളെ ചുമതലപ്പെടുത്തുകയോ വേണം.

സഭ നടത്തുന്ന കെയര്‍ഹോമുകള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സന്യാസ ഭവനങ്ങളിലും ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന മറ്റിടങ്ങളിലും പ്രത്യേകമായ കരുതല്‍ ആവശ്യമാണ്. അപകടസാധ്യത കൂടുതലുള്ള രംഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതര്‍ കഴിയുംവിധമുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം. 65 വയസ് കഴിഞ്ഞവരുടെ ആത്മീയ, മാനസിക ആവശ്യങ്ങളില്‍ സഹായിക്കാന്‍ വൈദികര്‍ ശ്രദ്ധിക്കണം.

കോവിഡ് രോഗബാധിതരായ ആര്‍ക്കും അജപാലനപരമായ ശ്രദ്ധ കിട്ടാതെപോകരുത്. കൗണ്‍സലിംഗ് സേവനം ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കണം. സംശയിക്കത്തക്ക കോവിഡ് രോഗലക്ഷണങ്ങളോടെ വൈദികര്‍ വിശുദ്ധ കുര്‍ബാനയോ മറ്റു കൂദാശകളോ പരികര്‍മം ചെയ്യരുത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതസംസ്കാരം, മൃതശരീരങ്ങള്‍ ദഹിപ്പിക്കല്‍, ശ്മശാന ഭൂമി തയാറാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വൈദികരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സഹായിക്കുന്നതിനുമായി ഓരോ രൂപതയിലും സന്നദ്ധപ്രവര്‍ത്തകരുടെ ഒന്നോ അതിലേറെയോ സംഘങ്ങളെ തയാറാക്കണം.

രൂപതയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും യുവജന സംഘടനയും ആരോഗ്യ പ്രവര്‍ത്തകരും വൈദികരും ഉള്‍പ്പെട്ട സംവിധാനമാണ് ഉണ്ടാകേണ്ടത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇടവകകള്‍ ആവശ്യമായ സഹായം എത്തിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.


Related Articles »