India - 2025
'പരിശുദ്ധ അമ്മയെപ്പോലെ അല്‍ഫോന്‍സാമ്മയും കുരിശിനോടു ചേര്‍ന്നുനിന്ന വ്യക്തി'
28-07-2020 - Tuesday
ഭരണങ്ങാനം: പരിശുദ്ധ അമ്മയെപ്പോലെ അല്‍ഫോന്‍സാമ്മയും കുരിശിനോടു ചേര്‍ന്നുനിന്ന വ്യക്തിയായിരുന്നുവെന്നും നമ്മുടെ സഹനങ്ങളില്‍ നമുക്ക് ഓടിവന്നു നില്‍ക്കാവുന്ന ഇടമാണ് അല്‍ഫോന്‍സാമ്മയുടെ കബറിടമെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തിരുനാളിന്റെ തലേദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
സുവിശേഷത്തില്‍ യോഹന്നാന്‍ ജനിച്ചപ്പോള്‍ സഖറിയായുടെ നാവിന്റെ കെട്ടുകളഴിഞ്ഞതുപോലെ ഭരണങ്ങാനത്തിന്റെ നാവിന്റെ കെട്ടുകളഴിഞ്ഞത് നമുക്ക് അല്‍ഫോന്‍സാമ്മയെ കിട്ടിയ നാള്‍ മുതലാണ്. അല്‍ഫോന്‍സാമ്മയുടെ കബറടക്കം കഴിഞ്ഞ നാള്‍ മുതല്‍ എല്ലാവരും അമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങി. വിശുദ്ധപദവിയിലെത്തിയപ്പോള്‍ ലോകം മുഴുവന്‍ അവളെക്കുറിച്ച് സംസാരിക്കുകയാണ്മാര്‍ കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു. ഓരോ വിശുദ്ധരും മിശിഹായുടെ സ്‌നേഹിതരാണ്. അല്‍ഫോന്‍സാമ്മ ഈശോയോട് കൂട്ടുകൂടിയവളാണ്.
ഇന്ന് നാം വളരെ ക്ഷീണിച്ച ഒരു സംസ്‌കാരത്തിലൂടെയാണു കടന്നുപോകുന്നത്. ദൈവത്തില്‍ എന്നും പുത്തനായിരിക്കുവാനും എന്നും പുതുമയില്‍ ജീവിക്കുവാനും അല്‍ഫോന്‍സാമ്മ നമ്മെ പ്രചോദിപ്പിക്കുകയാണ്. സഹനം എന്ന താക്കോലില്‍ സ്വര്‍ഗം തുറന്നവളാണ് അല്‍ഫോന്‍സാമ്മ. സ്വര്‍ഗകവാടത്തിലാണ് അമ്മ നമ്മെ കൊണ്ടെത്തിക്കുന്നത്. അല്‍ഫോന്‍സാമ്മയുടെ കബറിടം നമുക്ക് ഒരു മോക്ഷവിചാരം, പരലോകപരിചയം എന്നിവ എന്നും തന്നുകൊണ്ടിരിക്കുകയാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു.
![](/images/close.png)