News - 2025
ബിഷപ്പ് നിയമന കരാര്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെ വത്തിക്കാന് നേരെ ചൈനയുടെ സൈബര്‍ ആക്രമണം
പ്രവാചക ശബ്ദം 30-07-2020 - Thursday
ബെയ്ജിംഗ്/റോം: ചൈനീസ് ഹാക്കര്‍മാര്‍ വത്തിക്കാന്‍റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പ് ഒപ്പിട്ട ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള ചര്‍ച്ച സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുകയാണ് വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ കടന്നാക്രമണം നടത്തിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റെഡ്ഡെല്‍റ്റ എന്ന ഗ്രൂപ്പ് നടത്തിയ ആക്രമണത്തിന് പിന്നില്‍ വത്തിക്കാനുമായുള്ള കരാര്‍ചര്‍ച്ചകളില്‍ മുന്‍കൈ നേടാന്‍ വേണ്ടിയാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ചൈനയുമായുള്ള ചര്‍ച്ചകളില്‍ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ഹോങ്കോംഗ് സ്റ്റഡി മിഷന്‍, റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ് എന്നിവയുടെ ആസ്ഥാനങ്ങളാണ് ആക്രമണത്തിനിരയായത്.
മേയ് മുതല്‍ ഈ മാസം 21 വരെ ആക്രമണം നടന്നു. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന റിക്കാര്‍ഡഡ് ഫ്യൂച്ചര്‍ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്. ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2018ല്‍ സുപ്രധാന കരാര്‍ ഉണ്ടാക്കിയത്. വത്തിക്കാന്റെ അനുമതിയില്ലാതെ ചൈന നിയമിച്ച ഏഴു മെത്രാന്മാര്‍ക്ക് ഇതുവഴി അംഗീകാരം ലഭിച്ചു. ഈ കരാര്‍ പുതുക്കാനുള്ള ചര്‍ച്ചയാണു തുടങ്ങാന്‍ പോകുന്നത്. ചര്‍ച്ചയില്‍ വത്തിക്കാന്റെ നിലപാട് മുന്‍കൂട്ടി അറിയാന്‍ വേണ്ടിയാണ് സൈബര്‍ ആക്രമണം. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ അവിടുത്തെ കത്തോലിക്കാ സ്ഥാപനങ്ങളുടെ നിലപാട് ചോര്‍ത്താനും ലക്ഷ്യമിട്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക