News - 2025
കോവിഡ് പ്രോട്ടോക്കോള്‍ വത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മൃതദേഹം ദഹിപ്പിക്കുവാന്‍ ആലപ്പുഴ രൂപത
പ്രവാചക ശബ്ദം 28-07-2020 - Tuesday
ആലപ്പുഴ: കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കേ മാതൃകാപരമായ നടപടിയുമായി ആലപ്പുഴ ലത്തീൻ രൂപത. ആലപ്പുഴ മാരാരിക്കുളത്ത് കൊറോണ ബാധിച്ച് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോളും കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1176, 2016-ലെ റോമിലെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച നിര്‍ദേശങ്ങളും പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചരണം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം. സംസ്കാര ചടങ്ങുകൾക്ക് വൈദികരുടെ സംഘം നേതൃത്വം നല്‍കി. ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ച മൃതദേഹത്തിന്‍റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങൾ പാലിച്ച് സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്യാനാണ് തീരുമാനം. നിലവിൽ ആലപ്പുഴയിൽ പലയിടത്തും കുഴിയെടുത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്. മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴ ജില്ലാ ഭരണകൂടവും പ്രശംസിച്ചു. ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിച്ചത്.
അത്യാവശ്യ സന്ദർഭങ്ങളിൽ മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് കത്തോലിക്ക സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത്. 1963-ല്‍ ആണ് ആദ്യമായി മൃതശരീരം ദഹിപ്പിക്കുവാനുള്ള അനുമതി സഭ നല്‍കുന്നത്. 2016-ല്‍ വിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷ സംബന്ധിച്ചും മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ചും പ്രത്യേക നിര്‍ദേശങ്ങള്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം 'അഡ് റെസര്‍ജെണ്ടം കം ക്രിസ്‌തോ' (ക്രിസ്തുവിനോട് കൂടി ഉയിര്‍ക്കാം) എന്ന പേരില്‍ പുറത്തിറക്കിയിരിന്നു. മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം സെമിത്തേരിയിലോ, ദേവാലയത്തോട് ചേര്‍ന്ന് തയ്യാറാക്കപ്പെട്ട പ്രത്യേക സ്ഥലത്തോ ഭദ്രമായി സൂക്ഷിക്കണമെന്നു രേഖ ആഹ്വാനം ചെയ്യുന്നു. ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചാരം കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനോ, അതിനെ ആഭരണങ്ങളുടെ ഉള്ളിലാക്കി ശരീരത്തില്‍ ധരിച്ചു നടക്കുവാനോ പാടില്ലായെന്ന് വത്തിക്കാന്‍ തിരുസംഘം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക