Arts
ഗലീലിയില്‍ 1300 വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ ദേവാലയം കണ്ടെത്തി
പ്രവാചക ശബ്ദം 30-07-2020 - Thursday
ഗലീലി: ഇസ്രായേലിലെ ലോവര്‍ ഗലീലിയിലെ ക്ഫാര്‍ കാമ ഗ്രാമത്തില്‍ നിന്നും മൊസൈക്ക് തറയോടുകൂടിയ ആയിരത്തിമുന്നൂറുവര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. ഇസ്രായേലി പുരാവസ്തു വിഭാഗമാണ് (ഐ.എ.എ) ഇക്കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 12x36 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദേവാലയത്തിന് വിശാലമായ അങ്കണവും, പ്രവേശന കവാടത്തോട് ചേര്‍ന്ന്‍ വിശ്രമ മുറിയും, വലിയ മധ്യ ഹാളുമുണ്ടെന്ന് ഐ.എ.എ. ഗവേഷകനായ നൂറിറ്റ് ഫെയിഗ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കണ്ടെത്തലിന് പിന്നാലെ ഇസ്രായേലിലെ ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍ ഡോ. യൌസെഫ് മാട്ടാ മെത്രാപ്പോലീത്ത സ്ഥലം സന്ദര്‍ശിച്ചു.
ഒരു കളിസ്ഥല നിര്‍മ്മാണത്തിന് മുന്‍പ് നടത്തിയ ഉദ്ഘനനത്തിലാണ് ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. പ്രധാന ഹാളിലും, പാര്‍ശ്വ മുറികളിലും വിരിച്ചിരിക്കുന്ന മൊസൈക്ക് തറയുടെ കുറച്ച് ഭാഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നീല, കറുപ്പ് എന്നീ വര്‍ണ്ണങ്ങളുടെ സമന്വയമായ ജ്യാമതീയ പാറ്റേണുകളും, ചുവന്ന പൂക്കളുടെ ചിത്രങ്ങളും കൊണ്ടുള്ള ദേവാലയത്തിന്റെ അലങ്കാരപ്പണിയും ഏറെ ശ്രദ്ധേയമാണെന്നന്നു ഗവേഷകര്‍ വെളിപ്പെടുത്തി. ദേവാലയത്തിനോട് ചേര്‍ന്ന്‍ നിരവധി മുറികളും, അനുബന്ധ അറയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോ. ഷാനി ലിബ്ബിയുടെ നേതൃത്വത്തില്‍ ഇതിനേക്കുറിച്ച് കൂടുതല്‍ പഠനം നടത്തിവരികയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേവാലയം അക്കാലത്ത് നിലനിന്നിരുന്ന ആശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നാണ് ഗവേഷണത്തില്‍ പങ്കാളിയായിരുന്ന പ്രൊഫ. മോട്ടി അവിയം കിന്നരെറ്റിന്റെ നിരീക്ഷണം. ബൈസന്റൈന്‍ കാലഘട്ടത്തില്‍ ഈ മേഖലയില്‍ ഉണ്ടായിരുന്ന ക്രിസ്ത്യന്‍ ഗ്രാമത്തിന്റെ പ്രാധാന്യത്തിലേക്കാണ് കണ്ടെത്തല്‍ വെളിച്ചം വീശുന്നത്. 1960-ല്‍ ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന മറ്റൊരു ദേവാലയത്തിന്റെ അവശേഷിപ്പുകളും ഇതേ സ്ഥലത്തു നിന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)