Arts
ഓണ്‍ലൈന്‍ വാര്‍ത്താ സേവനത്തിന് ആദ്യമായി ആരംഭം കുറിച്ച് പാക്ക് കത്തോലിക്ക സഭ
പ്രവാചക ശബ്ദം 30-07-2020 - Thursday
ലാഹോര്‍: കടുത്ത മാധ്യമനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ക്രൈസ്തവ വാര്‍ത്തകള്‍ക്കായി ഓണ്‍ലൈന്‍ വാര്‍ത്താ സേവനം ആരംഭിച്ച് കത്തോലിക്ക സഭ. ‘റേഡിയോ വെരിത്താസ് ഏഷ്യ’(ആര്‍.വി.എ)യുടെ ഉര്‍ദ്ദു ഭാഷയിലുള്ള ഓണ്‍ലൈന്‍ വാര്‍ത്താ സേവനത്തിനാണ് ആരംഭം കുറിച്ചിരിക്കുന്നത് പഴയ റേഡിയോ സര്‍വീസ് പുനര്‍രൂപകല്‍പ്പന ചെയ്ത് ആരംഭിച്ച ഇത്തരത്തിലൊരു സേവനം രാജ്യത്ത് ആദ്യമാണ്. ജൂലൈ 25ന് നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാനും, ഇസ്ലാമാബാദ്-റാവല്‍പിണ്ടി മെത്രാപ്പോലീത്തയുമായ ജോസഫ് അര്‍ഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു.
സഭാ വാര്‍ത്തകള്‍ പങ്കുവെക്കുവാനും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പ്രചരിപ്പിക്കുവാനും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ലാഹോര്‍ ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പുതിയ സേവനത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇന്റര്‍നെറ്റിലൂടെ 20 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ന്യൂസ് ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും. ക്രൈസ്തവ വിശ്വാസം, മനുഷ്യാവകാശം, സമാധാനപ്രചാരണം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാകും പുതിയ സേവനത്തില്‍ ഉള്‍പ്പെടുത്തുകയെന്ന് നാഷ്ണല്‍ കാത്തലിക് കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഓഡിയോ വിഷ്വല്‍ എഡ്യൂക്കേഷന്‍ സ്റ്റുഡിയോ വിഭാഗം വര്‍ക്ക്ഷോപ്പ് ഡയറക്ടറായ ഫാ. ക്വൈസര്‍ ഫിറോസ് അറിയിച്ചു.
ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള പദ്ധതിയാണ് റേഡിയോ വെരിത്താസ്. ഏഷ്യ. പാക്കിസ്ഥാന്‍, ഇന്ത്യ, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലെ ശ്രോതാക്കള്‍ക്ക് വേണ്ടി 1987-ലാണ് ഉര്‍ദ്ദു ഭാഷയിലുള്ള സേവനം ആരംഭിച്ചത്. കടുത്ത മാധ്യമ നിയന്ത്രണമുള്ള പാക്കിസ്ഥാനിൽ, 'ഇലക്ട്രോണിക് മീഡിയ അതോറിറ്റി'യുടെ നിർദ്ദേശപ്രകാരം ക്രിസ്തീയ ഉള്ളടക്കമുള്ള എല്ലാ ടിവി സ്റ്റേഷനുകളും 2016-ല്‍ അടച്ചുപൂട്ടിയിരുന്നു. മതപരമായ ചാനല്‍ എന്നൊരു വിഭാഗമില്ലെന്നാണ് റെഗുലേറ്ററി അതോറിറ്റി പറയുന്നത്. ഇതേ തുടര്‍ന്നു തങ്ങളുടെ ചാനലുകള്‍ ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുവാന്‍ സഭ നിര്‍ബന്ധിതരായിരിക്കുകയാണ്. പുതിയ വാര്‍ത്താ സേവനത്തിന്റെ ആരംഭത്തോടെ രാജ്യത്തെ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സഭാനേതൃത്വം.
![](/images/close.png)