India - 2024

കോവിഡ് 19: മൃതദേഹം ദഹിപ്പിച്ച് വരാപ്പുഴ അതിരൂപത

പ്രവാചക ശബ്ദം 31-07-2020 - Friday

വരാപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച വരാപ്പുഴ അതിരൂപത കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായ കരുണാലയത്തിലെ അന്തേവാസിയുടെ മൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ പ്രകാരം സെമിത്തേരിയിൽ മൊബൈൽ ക്രിമറ്റോറിയം ഉപയോഗിച്ച് ദഹിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ജൂലൈ 22 ബുധനാഴ്ച ഇടയ ലേഖനത്തിലൂടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതുപ്രകാരമാണ് ഇടവക സമിതി കോവിഡ് പോസിറ്റീവായ മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സിമത്തേരിയിൽ എല്ലാ കർമ്മങ്ങളോടെയും അടക്കം ചെയ്യുക എന്ന തീരുമാനത്തിലെത്തിയത്. ജൂലൈ 30ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് സംസ്കാര കർമ്മങ്ങൾ സെമിത്തേരിയിൽ നടന്നു.വരാപ്പുഴ അതിരൂപതയിൽ മൃതദേഹം ദഹിപ്പിച്ചു കൊണ്ടുള്ള ആദ്യത്തെ മൃതസംസ്കാരകർമ്മമാണിത്.

പൂർണ്ണമായും കോവിഡ്19 പ്രോട്ടോകോൾ അനുസരിച്ചാണ് മൃതസംസ്കാര കർമ്മം നടത്തിയത്. വികാരി ഫാ.ടൈറ്റസ് കുരിശു വീട്ടിൽ മൃതസംസ്കാര കർമ്മത്തിന് നേതൃത്വം നൽകി.സഹവികാരി ഫാ. പാക്സൻ പള്ളിപ്പറമ്പിൽ പ്രാർത്ഥനകൾ ചൊല്ലി. ശുശ്രൂഷകൾക്ക് ബാബു ജോൺ കൊട്ടാരത്തിൽ, മിലൻ ചോരപള്ളി, ഷാജി ചക്കാലക്കൽ, മാർട്ടിൻ ചെറുമുട്ടത്ത് എന്നിവർ വളണ്ടിയർമാരായി പ്രവർത്തിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലറും ഇടവകാംഗവുമായ സാബു ഫ്രാൻസിസ്, ഇടവകാംഗമായ ജോർജ്ജ് കൊല്ലംപറമ്പിൽ എന്നിവർ നേതൃത്വം നൽകി. സ്ഥലം എംഎൽഎ ആയ പി ടി തോമസിന്റെ സന്ദർഭോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നു.


Related Articles »