India - 2025
സാമ്പത്തിക സംവരണം: സർക്കാർ നിസംഗത വെടിയണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
05-08-2020 - Wednesday
കോട്ടയം: സാമ്പത്തിക സംവരണം അട്ടിമറിക്കരുതെന്നും സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കത്തോലിക്കാ കോണ്ഗ്രസ് സമരങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കാത്ത പക്ഷം ക്രൈസ്തവർ ഒറ്റക്കെട്ടായി പ്രശ്നപരിഹാരത്തിനു മാർഗങ്ങൾ തേടുമെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സാന്പത്തിക സംവരണം പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ താഴത്ത്. കേന്ദ്രം അനുവദിച്ചിരിക്കുന്ന സാന്പത്തിക പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കുള്ള പത്തു ശതമാനം സംവരണം നിബന്ധനകൾ കൂടാതെ നടപ്പിലാക്കണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്ഗ്രസ് ഉയർത്തുന്ന സമുദായ പ്രശ്നങ്ങൾ നിലനിൽപ്പിന് അനിവാര്യമാണെന്നു കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു. സമരത്തിനു നേതൃത്വം നൽകുന്ന ബിജു പറയന്നിലത്തിനെ അദ്ദേഹം ഷാൾ അണിയിച്ചു. സാജു അലക്സ്, തോമസ് പീടികയിൽ, പ്രഫ. ജാൻസണ് ജോസഫ്, ബെന്നി ആന്റണി എന്നിവർ ഉപവാസം അനുഷ്ഠിച്ചു. ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, ഫാ. മനോജ് പാലക്കുടി, വർഗീസ് കായൂക്കര, രൂപത പ്രസിഡന്റുമാരായ ദേവസ്യ കൊങ്ങോല, ബിജു കുണ്ടുകുളം, വർഗീസ് ആന്റണി, രാജീവ് കൊച്ചുപറന്പിൽ, തോമസ് ആന്റണി, ജോമി കൊച്ചുപറന്പിൽ, ഭാരവാഹികളായ ബിനോയി ഇടയാടിയിൽ, ബേബി മുളവേലിപ്പുറം, രാജേഷ് ജോണ്, തങ്കച്ചൻ പൊന്മാങ്കൽ, ജയിംസ് പെരുമാകുന്നേൽ, ജോയ് കെ. മാത്യു, ജോണ് മുണ്ടൻകാവിൽ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി നാരങ്ങാനീരു നൽകി ഉപവാസം അവസാനിപ്പിച്ചു.