India - 2024

കെസിബിസി വര്‍ഷകാല സമ്മേളനാന്തര പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം

09-08-2020 - Sunday

കൊച്ചി: കെസിബിസിയുടെ വര്‍ഷകാല സമ്മേളനം സമാപിച്ചു. മെത്രാന്മാരുടെ ധ്യാനത്തിനുശേഷം രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിന്റെ പൂര്‍ണരൂപം.

1. കാലവര്‍ഷം ശക്തമാകുകയും ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ തീരദേശത്തും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മൂന്നാറിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ ദുരന്തം നാടിന്റെ മുഴുവന്‍ ദുഃഖമാണ്. ഇപ്പോഴും തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരന്തത്തില്‍ കാണാതായവരെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. പല കുടുംബങ്ങളും പൂര്‍ണമായും ദുരന്തത്തില്‍ അകപ്പെട്ട സാഹചര്യമാണുള്ളത്. ഇത്തരം ദുരന്തങ്ങള്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നത് മലയോരപ്രദേശങ്ങളെയാകെ ആശങ്കയിലാക്കുന്നതാണ്.

കാണാതായവരില്‍ അവസാനത്തെയാളെയും കണ്ടെത്തിയെന്ന് ഉറപ്പുവരുത്തണം. ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും എത്തിക്കുകയും വേണം.

മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തത്തിനു തൊട്ടുപിന്നാലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായതും 18 വിലപ്പെട്ട മനുഷ്യജീവന്‍ നഷ്ടമായതും. ഈ അപകടം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കയുണ്ടാക്കുന്നതാണ്. ശാസ്ത്രീയമായ പരിശോധന നടത്തി അടിയന്തര പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മണ്ണിടിച്ചിലിലും വിമാനാപകടത്തിലും ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

2. കൊറോണ വൈറസ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരേയുള്ള ചെറുത്തുനില്പും പരിഹാരമാര്‍ഗങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങളുടെ തൊഴില്‍, വരുമാനം, സാമ്പത്തികനില, സാമൂഹിക ജീവിതം എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഈ രോഗം ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യര്‍ മാനസികമായും വലിയ സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും രോഗമുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ തകര്‍ച്ചയെ അതിജീവിക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആലോചനയും ആസൂത്രണവും ആവശ്യമാണ്. ജനപങ്കാളിത്തത്തോടെയുള്ള പരിഹാരമാര്‍ഗങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അവബോധം ഉയര്‍ത്തുകയും സഹകരണം ഉറപ്പാക്കുകയും വേണം. തൊഴിലിന്റെ പുതിയ സാധ്യതകളും ഉരുത്തിരിഞ്ഞുവരണം.

മാറിയ സാഹചര്യത്തിന് അനുയോജ്യമായ നൂതന അജപാലനശൈലികളും ശുശ്രൂഷകളും ആവിഷ്കരിക്കുന്നതിന് ആധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധ വയ്ക്കേണ്ടതായുണ്ട്. പ്രാര്‍ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ പാരായണം തുടങ്ങിയവയിലൂടെ കുടുംബങ്ങളില്‍ ആധ്യാത്മിക ചൈതന്യവും ആത്മീയശക്തിയും ജ്വലിപ്പിച്ചു നിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണം. ഒപ്പം ദുര്‍വ്യയം കുറയ്ക്കുകയും ഭൂമിയും മറ്റ് ആസ്തികളും നഷ്ടപ്പെടുത്താതിരിക്കുകയും കാര്‍ഷിക രംഗത്തും ഉത്പാദനപരമായ മറ്റു രംഗങ്ങളിലും കൂടുതല്‍ ശ്രദ്ധ വയ്ക്കുകയും വേണം.

3. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതായി ഏറെക്കാര്യങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തെ ഏകീകരിക്കുകയും ദേശീയതലത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനുള്ള പരിശ്രമം ഈ നയത്തില്‍ വളരെ കൂടുതലാണ്. പ്രാദേശികവും സാംസ്കാരികവുമായ വൈവിധ്യങ്ങള്‍ അവഗണിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യാന്‍ ഇടവരരുത്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അധികാരസ്ഥാനങ്ങളിലുള്ളവര്‍ ശ്രദ്ധ വയ്ക്കണം. പുതിയ വിദ്യാഭ്യാസ നയത്തിന്റ വിവിധ വശങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനെ ചുമതലപ്പെടുത്തി.

4. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യക്ക് ആനുപാതികമായി നടപ്പാക്കുകയും ഇപ്പോഴുള്ള 80:20 അനുപാതം അടിയന്തരമായി പുനഃപരിശോധിക്കുകയും വേണം. ഈ രംഗത്ത് ക്രൈസ്തവ സമൂഹം സ്പഷ്ടമായ വിവേചനമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

5. മതമൗലിക വാദത്തിന്റെയും ഭീകരവാദത്തിന്റെയും സ്വാധീനം സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഗൗരവമായി കാണണം. കേരളത്തിലെ ഐഎസ് സാന്നിധ്യത്തെക്കുറിച്ച് യുഎന്‍ നല്കിയ മുന്നറിയിപ്പ് അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്ന രാഷ്ട്രീയസാമ്പത്തിക ഘടകങ്ങളും ഉത്തരവാദിപ്പെട്ടവരുടെ പരിശോധനയ്ക്കും ഗൗരവപൂര്‍ണമായ നടപടിക്കും വിധേയമാകണം. ഇത്തരം വിഷയങ്ങളില്‍ സമൂഹത്തില്‍ അവബോധം ഉണ്ടാക്കാനുള്ള ഉത്തരവാദിത്വത്തില്നി‍ന്നു മാധ്യമങ്ങളും സാംസ്കാരിക ലോകവും ഒഴിഞ്ഞുമാറരുത്. ഉയര്‍ന്ന അവബോധവും സാമൂഹ്യജാഗ്രതയുമാണ് തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.

6. കോവിഡ് 19 സമൂഹവ്യാപനമായി പടരുന്ന പശ്ചാത്തലത്തില്‍ ഒരുമാസത്തോളമായി ചെല്ലാനം പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ കാലത്തുതന്നെ ഇതുവരെ കാണാത്ത രീതിയിലുള്ള കടല്‍കയറ്റവും ഉണ്ടായി. 70 വീടുകള്‍ പൂര്‍ണമായും 550 വീടുകള്‍ ഭാഗികമായും തകര്‍ന്നിരിക്കുന്നു. ആലപ്പുഴയിലും കൊല്ലത്തെ ചില പ്രദേശങ്ങളിലും തിരുവനന്തപുരത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. സമഗ്രമായ പ്ലാനുണ്ടാക്കി മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്നതിന് ഒട്ടും വൈകാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കെസിബിസി ആവശ്യപ്പെടുന്നു.


Related Articles »