India - 2024

ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അപലപനീയം: കെസിബിസി

11-08-2020 - Tuesday

കൊച്ചി: പൗരന്മാരുടെ സംരക്ഷണത്തിനും നാടിന്റെ സുരക്ഷിതത്വത്തിനുംവേണ്ടി നിലകൊള്ളേണ്ട ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കര്‍ഷകനായ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ ദാരുണാന്ത്യവും, 14 ദിവസങ്ങള്‍ക്കുശേഷവും ശരിയായ നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന സാഹചര്യവും കേരളത്തിനു നാണക്കേടാണ്.

ഒന്‍പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായ മത്തായിയെ കസ്റ്റഡിയിലെടുക്കാനും മരണത്തിനു വിട്ടുകൊടുക്കാനും ഇടയാക്കിയ പശ്ചാത്തലത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്നതല്ല. ഇതേകാരണത്താല്‍ രണ്ടു വനപാലകരെ സസ്‌പെന്‍ഡ് ചെയ്യുകയും അഞ്ചു പേരെ സ്ഥലം മാറ്റുകയും മാത്രമാണു ചെയ്തിട്ടുള്ളത്. സാധാരണക്കാരായ കര്‍ഷകര്‍ വനപരിപാലനത്തിന്റെ പേരില്‍ ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി പീഡനങ്ങള്‍ക്ക് ഉദാഹരണം കൂടിയാണ് മത്തായിയുടെ മരണം. വനം പരിപാലിക്കപ്പെടുകതന്നെ വേണം എന്നതില്‍ സംശയമില്ല.

എന്നാല്‍, മനുഷ്യജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വമാണ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും പ്രാഥമികമായുള്ളത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എതിരെയുള്ള അനീതികള്‍ വനം പോലീസ് അധികൃതരില്നിരന്നു പതിവായ സാഹചര്യത്തില്‍ ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കുകയില്ല എന്ന ഉറപ്പ് കേരളസമൂഹത്തിനു ലഭിക്കണം. ഈ സംഭവത്തില്‍ കേരള കത്തോലിക്കാ സഭയുടെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം അന്തരിച്ച മത്തായിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.


Related Articles »