Life In Christ

അമ്മയുടെ ആഗ്രഹം സഫലമായി: സയാമീസ് ഇരട്ടകളായ കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയത് പാപ്പ

പ്രവാചക ശബ്ദം 11-08-2020 - Tuesday

റോം: സയാമീസ് ഇരട്ടകളായ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയമായതിന്റെ സന്തോഷത്തിന് പിന്നാലെ പാപ്പയുടെ കൈവെയ്പ്പു വഴി തന്റെ കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം ലഭിച്ചതിന്റെ ഇരട്ടി ആഹ്ലാദത്തിലാണ് ഏര്‍മൈന്‍ എന്ന അമ്മ. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വത്തിക്കാന്റെ കീഴിലുള്ള ജെസ്സു ബംബീനോ ആശുപത്രിയിൽ ആഫ്രിക്കൻ വംശജരായ സയാമീസ് ഇരട്ടകളായ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായി നടന്നത് വലിയ ശ്രദ്ധ നേടിയിരിന്നു. 18 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ഏറെ സങ്കീര്‍ണ്ണമായിരിന്നു.

ശസ്ത്രക്രിയാനന്തരം തന്റെ മക്കൾക്ക് മാർപാപ്പ മാമ്മോദീസാ നൽകിയിരിന്നെങ്കില്‍ എന്ന ആഗ്രഹം അമ്മ ഏര്‍മൈന്‍ പ്രകടിപ്പിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് ഫ്രാൻസിസ് പാപ്പ ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു. ഏർവിന, പ്രെഫീന എന്ന് വിളിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് മാർപാപ്പ മാമ്മോദീസാ നൽകി. രണ്ടു വയസ് പിന്നിട്ട കുഞ്ഞുങ്ങളുടെ മാമ്മോദീസ പേപ്പൽ വസതിയിലെ സാന്താ മാർത്താ ചാപ്പലില്‍വെച്ചാണ് നടന്നത്. മാമ്മോദീസയില്‍ ഓപ്പറേഷന് നേതൃത്വം നൽകിയ ഡോക്ടർ കാർലോ മരാസ്സയും പങ്കെടുത്തിരുന്നു.

ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗുയിയിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ബാംബിനോ ജെസു ആശുപത്രിയുടെ പ്രസിഡന്റ് മരിയെല്ല എനോക്കാണ് ഇവരെ കണ്ടെത്തി റോമിലേക്ക് കൊണ്ടുവന്നത്. തലയോട്ടിക്കു പുറമെ തലച്ചോറിന്റെ ഏതാനും ഭാഗങ്ങളും രക്തക്കുഴലുകൾവരെ കൂടിച്ചേർന്നിരുന്നതിനാൽ അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് ജെസ്സു ബംബീനോ ആശുപത്രിയില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം മേയ്, ജൂൺ മാസങ്ങളില്‍ നടത്തിയ ആദ്യ രണ്ടു ശസ്ത്രക്രിയകൾ വിജയകരമായതോടെ 30 ആരോഗ്യവിദഗ്ധർ പങ്കെടുത്ത മൂന്നാംഘട്ടാണ് ജൂൺ അഞ്ചിന് നടന്നത്. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയവും പാപ്പ നല്‍കിയ മാമോദീസയിലൂടെ ലഭിച്ച അസുലഭ ഭാഗ്യത്തിന്റെയും ആഹ്ലാദത്തിലാണ് ഏര്‍മൈന്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 44