Life In Christ - 2025
പ്രോലൈഫ് പര്യടനത്തിന് ആരംഭം കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്
പ്രവാചക ശബ്ദം 07-08-2020 - Friday
ഫ്ലോറിഡ: അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് 'ലൈഫ് വിൻസ്' എന്ന് പേരിട്ടിരിക്കുന്ന പ്രോലൈഫ് പര്യടനത്തിന് ഫ്ലോറിഡയിൽ നിന്ന് ആരംഭം കുറിച്ചു. ആഗസ്റ്റ് അഞ്ചാം തീയതി ബുധനാഴ്ച ഫ്ലോറിഡയിലെ താംബയിലുളള ക്ലിനിക്ക് സന്ദർശിച്ചുകൊണ്ട് ആരംഭിച്ച പര്യടനം മറ്റു സംസ്ഥാനങ്ങളിലൂടെയും കടന്നുപോകും. പ്രോലൈഫ് സംഘടനയായ സൂസൻ ബി അന്തോണിയുടെ സഹകരണത്തോടെയാണ് മൈക്ക് പെൻസിന്റെ വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ വുമൺസ് പ്ലേസ് മെഡിക്കൽ ക്ലിനിക്കിൽ ഏതാനും സമയം ചെലവഴിച്ച പെൻസ്, ഭ്രൂണഹത്യ ചെയ്യാൻ ഉറപ്പിച്ചതിനുശേഷം ക്ലിനിക്കിലെത്തി തീരുമാനം മാറ്റിയ കിയ എന്നൊരു അമ്മയുമായും കൂടിക്കാഴ്ച നടത്തി.
നിരപരാധികളായ ഗർഭസ്ഥശിശുക്കളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വുമൺസ് പ്ലേസ് മെഡിക്കൽ ക്ലിനിക്ക് നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി പറയുന്നുവെന്ന് സന്ദർശനത്തിനുശേഷം മൈക്ക് പെൻസ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ 35 വർഷത്തിനിടയിൽ പതിനായിരം ഗർഭസ്ഥ ശിശുക്കളെയും 12 മാസത്തിനിടെ മാത്രം 500 ശിശുക്കളെയും ഭ്രൂണഹത്യ കൊലപാതകത്തിൽ നിന്ന് രക്ഷിക്കാൻ ക്ലിനിക്കിന് കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രോലൈഫ് ഭരണകൂടത്തിന്റെ ഭാഗമാകാൻ സാധിച്ചത് അഭിമാനം തോന്നുന്ന കാര്യമാണെന്നു പെൻസ് പറഞ്ഞു. ക്ലിനിക്കിലെ സന്ദർശനത്തിന് ശേഷം അമേരിക്കൻ വൈസ് പ്രസിഡന്റ് സ്റ്റാർകി റോഡ് ബാബ്റ്റിസ്റ്റ് ദേവാലയം സന്ദർശിക്കുകയും, സന്ദേശം നൽകി സംസാരിക്കുകയും ചെയ്തു.
വൈറ്റ് ഹൗസ് മുതൽ താഴെ തട്ടിലുള്ള കോടതികൾവരെയും, അമേരിക്കൻ സെനറ്റിലും, മറ്റ് നിയമനിർമ്മാണ സ്ഥലങ്ങളിലും ജീവൻ വിജയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് മൈക്ക് പെൻസ് ചൂണ്ടിക്കാട്ടി. സൂസൻ ബി അന്തോണി സംഘടന നടത്തുന്ന പ്രോലൈഫ് പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഗർഭിണിയായിരിക്കുന്ന സമയത്ത് പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളോട് കാണിച്ച അനുകമ്പയുടെയും, സ്നേഹത്തിന്റെയും ഫലമായാണ് നിരവധി ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് പെൻസ് അഭിപ്രായപ്പെട്ടു.
രാജ്യത്ത്, ഗർഭിണികളായ സ്ത്രീകൾക്ക് സേവനം നൽകുന്ന ക്ലിനിക്കുകളുടെ എണ്ണം ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകളെക്കാൾ കൂടുതലാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഭൂമിയിൽ ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ എല്ലാ മനുഷ്യരും ദൈവത്തിന്റെ വിശുദ്ധ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ വാക്കുകളും മൈക്ക് പെൻസ് തന്റെ സന്ദേശത്തിൽ ഉദ്ധരിച്ചു. ദൈവാനുഗ്രഹം നേർന്നു കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക