India - 2024
പരിസ്ഥിതി ആഘാത വിലയിരുത്തല്‍: കെസിബിസിയുടെ നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചു
12-08-2020 - Wednesday
കൊച്ചി: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു നിര്‍ദേശങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ആരാഞ്ഞുള്ള അറിയിപ്പില്‍ കെസിബിസിയുടെ നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചു. കരടു വിജ്ഞാപനം കോര്‍പറേറ്റു മുതല്‍മുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതും വ്യവസായവല്‍കരണത്തെ ത്വരിതപ്പെടുത്തുന്നതുമാണ്. ഇത് രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള നയസമീപനമാണെന്നു സര്‍ക്കാരിനു ന്യായീകരിക്കാമെങ്കിലും പാരിസ്ഥിതികമായും മാനുഷികമായും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല.
പല വ്യവസായങ്ങളുടെയും വികസനസംരംഭങ്ങളുടെയും കാര്യത്തില്‍ പൊതുസമൂഹത്തിനുള്ള ഉത്കണ്ഠയും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനും അവയ്ക്കു പരിഹാരം കാണുന്നതിനുമുള്ള മാര്‍ഗം ഇല്ലാതായിരിക്കുന്നു. ബി 2 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സംബന്ധിച്ച് കൃത്യമായ പാരിസ്ഥിതിക വിലയിരുത്തല്‍ നടത്തുന്നതിനും പരിഹാരം നേടുന്നതിനുമുള്ള വകുപ്പുകള്‍ ഡ്രാഫ്റ്റില്‍ തുടര്‍ന്നും ഉണ്ടാകണം.
നിലവിലുള്ള സംരംഭങ്ങളുടെ വികസനത്തിനും വിപുലീകരണത്തിനും പരിസ്ഥിതി വിലയിരുത്തല്‍ ആവശ്യമില്ല എന്ന നിര്‍ദേശവും പദ്ധതികളുടെ നടത്തിപ്പിനുശേഷം പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി നേടിയാല്‍ മതിയെന്ന നിര്‍ദേശവും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. പാരിസ്ഥിതിക അനുമതിയോടെ മാത്രമേ വന്‍വികസനപദ്ധതികളും വ്യവസായ സംരംഭങ്ങളും തുടങ്ങാവൂ എന്ന നിബന്ധന തുടര്‍ന്നും നിലനിര്‍ത്തണം. ആഗോളതലത്തില്‍ നിലനില്ക്കുന്ന പാരിസ്ഥിതിക മാനദണ്ഡങ്ങളും മനുഷ്യാവകാശങ്ങളും മാനിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും 'പാരിസ്ഥിതിക ധാര്‍മികത' ഗൗരവമായി പരിഗണിക്കപ്പെടുകയും വേണം.
രണ്ടു ഹെക്ടറിലധികം വ്യാസമുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി നേടണമെന്ന നിര്‍ദേശം കേരളംപോലെയുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ തുടര്‍ന്നും പാലിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ഖനനം, ഡാമുകളുടെ നിര്‍മാണം തുടങ്ങിയ സംരംഭങ്ങളില്‍ എറ്റവും കൂടുതല്‍ ആഘാതമേല്ക്കുന്നത് ആദിവാസിഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കാണ്. വികസനത്തിന്റെ പേരില്‍ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടാന്‍ ഇടയാകരുത്.
വ്യവസായിക സംരംഭങ്ങള്‍ക്കുവേണ്ടി കുടിയിറക്കപ്പെടുകയും കിടപ്പാടവും ജീവിതമാര്‍ഗവും നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നഷ്ടപരിഹാരത്തിനു മാത്രമല്ല, കുടിയിറക്കപ്പെടുന്നവരുടെ മാന്യമായ പുനരധിവാസത്തിനും വ്യവസ്ഥയുണ്ടാകണമെന്നും കെസിബിസിയുടെ നിര്‍ദേശങ്ങളില്‍പ്പെടുന്നു.