Life In Christ - 2025

ദൈവം നല്‍കുന്ന നന്മകള്‍ക്ക് നന്ദി പറയാറുണ്ടോ? ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 16-08-2020 - Sunday

വത്തിക്കാന്‍ സിറ്റി: ദൈവം നമുക്കായി അനുദിനം ചെയ്യുന്ന നന്മകള്‍ക്കു നന്ദിപറയുന്നുണ്ടോ എന്ന ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ നിന്ന് സംസാരിക്കുകയായിരിന്നു പാപ്പ. മനുഷ്യരായ നാം ദൈവത്തെ സ്തുതിക്കുന്നുണ്ടോയെന്ന ചോദ്യം ഉന്നയിച്ച പാപ്പ, അവിടുന്നു നമ്മോടു കാണിക്കുന്ന ക്ഷമയ്ക്കും കാരുണ്യത്തിനും നന്ദിയുള്ളവരാണോ എന്ന ചോദ്യവും വിശ്വാസി സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തി. ദൈവിക നന്മകള്‍ മറന്നു ജീവിക്കുന്നവരുടെ ഹൃദയങ്ങള്‍ ചെറുതാണെന്നും മറിച്ച് മറിയത്തെപ്പോലെ ദൈവത്തെ സ്തുതിക്കുന്നവരായാല്‍ നമ്മുടെ ജീവിത ചുവടുവയ്പ്പുകള്‍ മുന്നോട്ടായിരിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ഭൂമിയില്‍ തന്‍റെ തിരുക്കുമാരനോടൊപ്പം സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സുവിശേഷം പങ്കുവച്ച മറിയം സ്വര്‍ഗ്ഗാരോപിതയായെങ്കില്‍, അത് നിങ്ങള്‍ക്കും എനിക്കും, മനുഷ്യകുലത്തിനു മുഴുവന്‍ പ്രത്യാശപകരുന്ന സംഭവമാണെന്ന് പാപ്പ പറഞ്ഞു. അങ്ങനെ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം മനുഷ്യകുലത്തിന് പ്രത്യാശയാണ്. ദൈവത്തിന് നാമും മറിയത്തെപ്പോലെ പ്രിയപ്പെട്ടവരാണ്. യഥാര്‍ത്ഥത്തില്‍ തന്‍റെ വിനീതഭാവം മനസ്സിലാക്കിയ മറിയമാണ്, ദൈവം തന്നില്‍ ചെയ്ത മഹത്തായ കാര്യങ്ങളെ പ്രകീര്‍ത്തിച്ചത്. അപ്രതീക്ഷിതമായി തന്നില്‍ ഉത്ഭവമെടുക്കുന്ന ജീവനാണ് അത് ആദ്യമായി അവള്‍ ഗ്രഹിച്ചത്. കന്യകയായിരുന്നിട്ടും അവള്‍ ദൈവകൃപയാല്‍ ഗര്‍ഭംധരിച്ചു.

അതുപോലെ തന്‍റെ ചാര്‍ച്ചക്കാരി എലിസബത്ത് വന്ധ്യയെന്നു കരുതിയിരുന്നിട്ടും വാര്‍ദ്ധക്യത്തില്‍ ഒരു കുഞ്ഞിന്‍റെ അമ്മയായി. സ്വയം വലിയവരെന്നു നടിക്കാതെ ജീവിതത്തില്‍ ദൈവത്തിന് ഇടം നല്കുന്ന എളിയ ദാസരിലൂടെ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദൈവം തന്നില്‍ വര്‍ഷിച്ച ദാനത്തിന് മറിയം ദൈവത്തെ സ്തുതിക്കുന്നു. ദൈവത്തിന് നന്ദി പറയുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ വിശാലമാകും. ജീവിതാനന്ദം വര്‍ദ്ധിക്കുകയും ചെയ്യും. സ്വര്‍ഗ്ഗോന്മുഖരായി ജീവിക്കുവാനും അനുദിനം ദൈവീക നന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കുവാനുമുള്ള കൃപയ്ക്കായി സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വാതിലായ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ ത്രികാലപ്രാര്‍ത്ഥനയ്ക്ക് ആമുഖമായുള്ള പ്രഭാഷണം ഉപസംഹരിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45