India - 2025

തരിശുഭൂമിയില്‍ ജൈവകൃഷിയുമായി മദര്‍ തെരേസ ഹോമിലെ അന്തേവാസികളും അധികൃതരും

19-08-2020 - Wednesday

നെടുംകുന്നം: ഒന്‍പതേക്കര്‍ തരിശുഭൂമിയില്‍ ജൈവകൃഷിയുമായി നെടുംകുന്നം മദര്‍ തെരേസ ഹോമിലെ അന്തേവാസികളും അധികൃതരും. നെടുംകുന്നം മദര്‍ തെരേസ ഹോം പുനരധിവാസ കേന്ദ്രത്തിലാണു മാതൃകാ കൃഷിത്തോട്ടം ഒരുക്കിയിരിക്കുന്നത്. മദര്‍ തെരേസ ഹോമിലെ ആവശ്യത്തിനായി മത്സ്യം മുതല്‍ നെല്ലുവരെ സ്വന്തമായി ഉത്പാദിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. സ്വന്തമായുള്ള നാലര ഏക്കറിനു പുറമേ മറ്റൊരു നാലര ഏക്കര്‍ കൂടി പാട്ടത്തിനെടുത്താണ് ഇക്കുറി കൃഷി ചെയ്യുന്നത്.

വാഴ, ചേന, ചേന്പ്, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കു പുറമേ ഒരേക്കറോളം കരനെല്‍കൃഷിയും ചെയ്യുന്നുണ്ട്. 130 അന്തേവാസികള്‍ താമസിക്കുന്ന കേന്ദ്രത്തിലേക്ക് ആവശ്യമായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും സ്വന്തമായി കൃഷി ചെയ്യുന്നു. അഞ്ചു വര്‍ഷത്തോളമായി ആവശ്യമായ മുഴുവന്‍ പച്ചക്കറിയും ഇവര്‍ സ്വന്തമായി ഉത്പാദിപ്പിക്കുകയാണ്. ഡയറക്ടര്‍ ഫാ. ജയിംസ് പഴേമഠം, ഫാ. ജോര്‍ജ് കൂടത്തില്‍, സിസ്റ്റര്‍ ഫിലോ റോസ് എന്നിവരുടെ കഠിന പരിശ്രമമാണ് തരിശുഭൂമിയിലെ വിജയഗാഥയ്ക്കു പിന്നില്‍. രാവിലെ കൃഷിയിടത്തിലെത്തി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കും.

പരിചരണവും, നട്ടുനനയ്ക്കലും, വിളവെടുപ്പും എല്ലാം ഇവരുടെ നേതൃത്വത്തില്‍. ഒപ്പം അന്തേവാസികളും. ഓരോ ദിവസവും ആഹാരത്തിനുള്ള സാധനങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍നിന്നു വിളവെടുത്താണ് മടക്കം. കൂടാതെ കേന്ദ്രത്തിലേക്കാവശ്യമായ പാല്‍, മുട്ട, മീന്‍ തുടങ്ങിയവ പോലും സ്വന്തം ഫാമില്‍നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി.


Related Articles »