Arts - 2024

കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസയിക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയിലേക്ക്

ബെന്നി കോച്ചേരി 03-09-2020 - Thursday

കുറവിലങ്ങാട്: ദൈവമാതാവിന്റെ പിറവിത്തിരുനാള്‍ ആചരണത്തിനിടെ ഭാരതസഭയ്ക്കാകെ ആവേശം സമ്മാനിച്ച് ഒരു സദ്വാര്‍ത്ത. കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസയിക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്തയുടെ ബസിലിക്കയില്‍ മാതാവിന്റെ പിറവിത്തിരുനാള്‍ ദിനത്തില്‍ പ്രതിഷ്ഠിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ദൈവമാതാവിന്റെ ഒരു ചിത്രം ഈ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നത് ഇത് ആദ്യമാണ്. ലോകചരിത്രത്തില്‍ ആദ്യത്തേതും ആവര്‍ത്തിച്ചുള്ളതുമായ കുറവിലങ്ങാട്ടെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കണക്കിലെടുത്താണ് ഇതിനുള്ള അനുമതി നല്‍കിയിട്ടുള്ളത്. വിശുദ്ധനാട്ടിലെ പള്ളികളുടെ പൂര്‍ണചുമതലകള്‍ നിര്‍വഹിക്കുന്ന ''ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡി'' കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഇതിനുള്ള അനുമതി നല്‍കിയത്.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കസ്‌റ്റോഡിയന്‍ ഫ്രാന്‍സിസ്‌കോ പാറ്റണ്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന കേന്ദ്രം മുന്‍ ആര്‍ച്ച്പ്രീസ്റ്റും ഇപ്പോള്‍ പാലാ രൂപത വികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍ നസ്രത്ത് മംഗളവാര്‍ത്ത തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ മോണ്‍. ബ്രൂണോ വാരിയാനോ, കോണ്‍സലേറ്റ് അറ്റാഷേ ജോഷി ബോയ് എന്നിവരുമായി ബന്ധപ്പെട്ട് മൊസയിക്ക് ചിത്രപ്രതിഷ്ഠയ്ക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിച്ച മൊസയിക്ക് ഉപയോഗിച്ച് ജറീക്കോയിലെ മൊസയിക്ക് നിര്‍മാണശാലയില്‍ ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ നേതൃത്വത്തിലാണ് ഛായാചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മംഗളവാര്‍ത്ത ദേവാലയ ചത്വരത്തിലെ ജപമാലപ്രദക്ഷിണ വീഥിയിലാണ് മുത്തിയമ്മയുടെ ചിത്രം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മാതൃചിത്രങ്ങള്‍ ഈ പ്രദക്ഷിണ വീഥിയില്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദക്ഷിണം ഓരോ ശനിയാഴ്ചയും ഈ ചിത്രത്തിന് മുന്നിലെത്തുന്‌പോള്‍ ഭാരതത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തും. കുറവിലങ്ങാട് പള്ളിയുടെ പശ്ചാത്തലത്തിലുള്ള കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രമാണ് സ്ഥാപിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ മാതൃപ്രത്യക്ഷീകരണം കുറവിലങ്ങാട്, കേരളം, ഇന്ത്യ എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്.

എട്ടിന് ഇന്ത്യന്‍ സമയം 12.30 മുതല്‍ മൂന്നുവരെ നീളുന്ന തിരുക്കര്‍മങ്ങള്‍ക്കിടയിലാണ് ഛായാചിത്ര പ്രതിഷ്ഠ. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയടക്കമുള്ളവര്‍ ചടങ്ങിനു സാക്ഷികളാകും. ഈ ധന്യനിമിഷത്തെ വരവേല്‍ക്കാനായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് ഇടവകയില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചുവരുന്നു. കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി ഇടവകയില്‍നിന്നുള്ള 50 അംഗ സംഘം നടത്തിയ വിശുദ്ധനാട് തീര്‍ത്ഥാടനം ഛായാചിത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയിലാക്കി. സംഘാംഗങ്ങളായിരുന്ന ഇമ്മാനുവല്‍ നിധീരി, ജോയി പനങ്കുഴ, സിന്ധു ജെരാര്‍ദ് നിധീരി, ടിക്‌സണ്‍ മണിമലത്തടത്തില്‍, മംഗളവാര്‍ത്ത ദേവാലയത്തില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളിലാണ് ഛായാചിത്ര നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.


Related Articles »