News
അന്നു കളിക്കാരന്‍ ഇന്നു വൈദികന്‍; ഫുട്‌ബോള്‍ താരം വൈദികനായ ശേഷം ചിലിയില്‍ വീണ്ടുമെത്തി ബലിയര്‍പ്പിച്ചു
സ്വന്തം ലേഖകന്‍ 18-05-2016 - Wednesday
സാന്റിയാഗോ: കളിക്കളത്തില്‍ പതിനായിരങ്ങളുടെ ആരവങ്ങള്‍ക്കു നടുവില്‍ ഫുട്‌ബോള്‍ തട്ടിയപ്പോള്‍ പോലും ചാസി ഹില്‍ഗന്‍ബ്രിഗ് ഇത്രയും സന്തോഷം അനുഭവിച്ചു കാണില്ല. 600-ല്‍ അധികം വരുന്ന വിശ്വാസികള്‍ക്കു മുമ്പില്‍ തിരുശരീര രക്തങ്ങള്‍ ഉയര്‍ത്തി പിടിച്ചപ്പോള്‍ മനസില്‍ വന്നുനിറയുന്ന സന്തോഷം മറ്റെല്ലാത്തിലും ഉപരിയാണ്. അമേരിക്കക്കാരനായ പ്രശസ്ത ഫുട്‌ബോള്‍ താരം ഹില്‍ഗന്‍ബ്രിഗ് കത്തോലിക്ക സഭയിലെ പുരോഹിതനാണ്.
ചിലിയിലെ പ്രശസ്തമായ ക്ലബുകള്‍ക്കു വേണ്ടി നാലു സീസണുകളില്‍ കാല്‍പന്തു തട്ടിയ താരമാണു വൈദികനായ ഹില്‍ഗന്‍ബ്രിഗ്. ഇപ്പോള്‍ അദ്ദേഹം പുരോഹിതനായ ശേഷം യുഎസില്‍ നിന്നും ചിലിയിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ജീവിതമാകുന്ന കളിയില്‍ ക്രിസ്തുവെന്ന കൊച്ചിന്റെ കീഴില്‍ നിരവധി ആത്മാക്കളെ സ്വര്‍ഗമെന്ന ഗോള്‍പോസ്റ്റില്‍ എത്തിക്കുക എന്ന ദൗത്യത്തോടെ.
ചിലിയുടെ തെക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന 'ചിലാനെന്ന' നഗരത്തിലെ സാന്റാ അന്ന ചാപ്പലിലാണു ഹില്‍ഗന്‍ബ്രിഗ് ബലിയര്‍പ്പിച്ചത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ പ്രിയ ഫുട്‌ബോള്‍ താരമായിരുന്ന ഹില്‍ഗന്‍ബ്രിഗ് ഇപ്പോള്‍ മടങ്ങിവന്നിരിക്കുന്നതു തങ്ങളുടെ പ്രിയപ്പെട്ട പുരോഹിതനായിട്ടാണ്. "ഞാന്‍ പലകാര്യങ്ങളും പഠിച്ചത് ഫുട്‌ബോളില്‍ നിന്നാണ്. കൂട്ടായ പ്രവര്‍ത്തനം, കഠിനമായ പരിശീലനം, ആളുകള്‍ തമ്മിലുള്ള ഐക്യം തുടങ്ങി പലതും. ക്രൈസ്തവ ജീവിതത്തിലും ഇത്തരം മൂല്യങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഇതിനാല്‍ തന്നെ ഫുട്‌ബോള്‍ എന്റെ ജീവിതത്തെ വളരെ അധികം സഹായിച്ചിട്ടുണ്ട്". വൈദികനായ ഹില്‍ഗന്‍ബ്രിഗ് പറയുന്നു.
തന്റെ വരവിനെ വലിയ ആഘോഷമാക്കി മാറ്റിയ ചിലിയിലെ ജനങ്ങളോടു വിശുദ്ധ ബലിക്കു ശേഷം ഹില്‍ഗന്‍ബ്രിഗ് നന്ദി പറഞ്ഞു. മാതാപിതാക്കളായ കിമ്മിന്റെയും മൈക്കിന്റെയും കൂടെയാണു വൈദികന്‍ ചിലിയില്‍ എത്തിയത്. കുറച്ചു ദിവസങ്ങള്‍ ചിലിയില്‍ തങ്ങിയ ശേഷം അദ്ദേഹം യുഎസിലേക്കു മടങ്ങും. വിവിധ മേഖലകളില്‍ പ്രശസ്തി നേടിയ നിരവധി പേര്‍ ക്രിസ്തുവിന്റെ സാക്ഷികളായി പലരാജ്യങ്ങളിലും സേവനം ചെയ്യുന്നു. പോപ് ഗായിക ലേഡി ഗാഗ കഴിഞ്ഞയാഴ്ച ക്രിസ്തുവിലും സഭയിലുമുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.