Life In Christ - 2025

പ്രായമായ വൈദികരുടെ ഇപ്പോഴത്തെ ജീവിതം നിശബ്ദമായ സുവിശേഷ സാക്ഷ്യം: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 22-09-2020 - Tuesday

വത്തിക്കാന്‍ സിറ്റി: മഹാമാരിയുടെ ഒറ്റപ്പെടലും രോഗങ്ങളുടെ ക്ലേശങ്ങളും വേദനയും അനുഭവിച്ചുമുള്ള പ്രായമായ വൈദികരുടെ വൈദിക ജീവിതം ദൈവത്തോടും സഭയോടുമുള്ള അവരുടെ വിശ്വസ്ത സ്നേഹത്തിന്‍റെ സാക്ഷ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. സെപ്തംബര്‍ പതിനേഴിന് വടക്കേ ഇറ്റലിയിലെ ലൊംബാര്‍ഡിയ പ്രവിശ്യയില്‍ പ്രായാധിക്യത്തിലെത്തി വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പ്രസ്താവിച്ചത്. പ്രായമായ വൈദികരുടെ ധ്യാനാത്മമായ ജീവിതം രണ്ടാം തരമല്ലാത്ത സഭയിലെ ശുശ്രൂഷയാണെന്നും പാപ്പ പറഞ്ഞു.

പ്രായാധിക്യത്താല്‍ ശാരീരികമായി തളര്‍ന്നും, രോഗങ്ങളുടെ ക്ലേശങ്ങളും വേദനയും അനുഭവിച്ചുമുള്ള വൈദികജീവിതം ദൈവത്തോടും സഭയോടുമുള്ള അവരുടെ വിശ്വസ്തമായ സ്നേഹത്തിന്‍റെ സാക്ഷ്യമാണ്. അജപാലനമേഖലയില്‍ ത്യാഗപൂര്‍വ്വം ജീവിച്ച ഈ വൈദിക സഹോദരങ്ങളുടെ ജീവിതം പ്രഭയുള്ള നിശബ്ദമായ സുവിശേഷ സാക്ഷ്യമാണ്. അവരുടെ സജീവമായ സമര്‍പ്പണവും അതിന്‍റെ സ്മരണയും സഭയുടെ ഭാവി കരുപ്പിടിപ്പിക്കാന്‍ ഉതകുന്നതാണെന്ന സത്യം താന്‍ നന്ദിയോടെ ഓര്‍മ്മപ്പെടുത്തുകയാണെന്നും അദ്ദേഹം കുറിച്ചു.

ആരെയും മരവിപ്പിക്കുന്ന നിശബ്ദതയുടെയും ശൂന്യതയുടെയും കഠിനമായ ദിനങ്ങളില്‍ ദൈവത്തിങ്കലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തി എല്ലാവരും കാരുണ്യത്തിനായി വിളിച്ചപേക്ഷിക്കണം. പ്രായമായവര്‍ക്കൊപ്പം എല്ലാവരെയും ദൈവകൃപ നവീകരിക്കുന്ന ഒരു സമയമാകട്ടെ. വൈദികരുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന് പ്രായമായ വൈദികസഹോദരങ്ങളെ സമര്‍പ്പിച്ച പാപ്പ മഹാമാരിയില്‍ മരണമടഞ്ഞ എല്ലാ വൈദികരെയും പ്രത്യേകം അനുസ്മരിച്ചു കൊണ്ടുമാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »