India - 2025
ഫാ. സെബാസ്റ്റ്യൻ പാറയിലിന്റെ മൃതസംസ്കാരം നാളെ
പ്രവാചക ശബ്ദം 28-09-2020 - Monday
മാനന്തവാടി: ഇന്നു രാവിലെ അന്തരിച്ച മാനന്തവാടി രൂപതാ വൈദികനും നരിവാലമുണ്ട സെൻറ് ജോസഫ്‌സ് പള്ളിയിലെ വികാരിയുമായ ഫാ. സെബാസ്റ്റ്യൻ പാറയിലിന്റെ മൃതസംസ്കാരം നാളെ നടക്കും. ഹൃദയാഘാതം മൂലമാണ് വൈദികന്‍ മരണമടഞ്ഞത്. ഭൗതികദേഹം മാനന്തവാടി സെന്‍റ് ജോസഫ് കത്തീഡ്രലില്‍ (കണിയാരം) മൂന്നു മണിയോടെ എത്തിച്ചു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗത്തിന് നേതൃത്വം നല്കി. തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, ബത്തേരി രൂപതാ വികാരി ജനറാല്‍ മോണ്‍. മാത്യു അറന്പാംകുടി രൂപതയിലെ മറ്റു വൈദികര്‍ സന്യസ്തര്‍ അത്മായസഹോദരങ്ങള്‍ എന്നിവര്‍ ആദരാജ്ഞലികളര്‍പ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 9 മണി വരെയാണ് പൊതുജനത്തിന് ഭൗതികദേഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാനും ആദരാജ്ഞലികളര്‍പ്പിക്കുവാനും അവസരമുള്ളത്. മൃതസംസ്കാരകര്‍മ്മങ്ങളുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച (29 സെപ്തംബര്‍ 2020) രാവിലെ പത്ത് മണിക്ക് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിക്കുന്നതാണ്. താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയില്‍ സംസ്കാരശുശ്രൂഷയില്‍ സംബന്ധിക്കും. കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഭൗതികദേഹം ദ്വാരകയിലെ വൈദിക സെമിത്തേരിയില്‍ സംസ്കരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരശുശ്രൂഷയില്‍ സംബന്ധിക്കാവുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ നിശ്ചയിക്കപ്പെട്ട വ്യക്തികള്‍ മാത്രമായിരിക്കും സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നത്.
സംസ്കാരശുശ്രൂഷയുടെ ഓണ്‍ലൈന്‍ സംപ്രേഷണം മാനന്തവാടി രൂപതയുടെ ഫെയ്സ്ബുക്ക് പേജിലും മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് പേജിലും ഉണ്ടായിരിക്കുന്നതാണ്. പൗരോഹിത്യ രജതജൂബിലി വര്‍ഷത്തിലെ അച്ചന്റെ ആകസ്മികമായ വിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ദുഖം രേഖപ്പെടുത്തി.
കോട്ടത്തറ ഇടവകയിൽ പരേതരായ പാറയിൽ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകനായി 1970ൽ ആണ് അച്ചൻ ജനിച്ചത്. ആറ് സഹോദരങ്ങളാണ് അച്ചന് ഉള്ളത്. സഹോദരനായ റവ. ഡോ. തോമസ് പാറയില്‍ സിഎംഐ സഭയില്‍ വൈദികനാണ്. ജെയിംസ് (കോട്ടത്തറ), ആന്‍റണി (കോട്ടത്തറ), ജോസഫ് (പെരിന്തല്‍മണ്ണ), വിന്‍സെന്‍റ് (കോട്ടത്തറ) എന്നിവര്‍ മറ്റു സഹോദരങ്ങളും മായ ഏക സഹോദരിയുമാണ്. കോട്ടത്തറ സെന്റ്. ആന്റണീസ് യുപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തരിയോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി മാനന്തവാടി രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു.
ആലുവ കാർമ്മൽ ഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ ഫിലോസഫി പഠനവും റോമിൽ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ തിയോളജി പഠനവും സഭാനിയമത്തിൽ ഉപരിപഠനവും പൂർത്തിയാക്കി 1996 ഓഗസ്റ് 8-നു മാര്‍ ജേക്കബ് തൂങ്കുഴി പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. സിറോ മലബാർ കത്തോലിക് മിഷൻ ചിക്കാഗോ, ഇറ്റലിയിലെ സ്റ്റാഫോളി, പഡോറ തുടങ്ങിയ ഇടവകകളിലും മാനന്തവാടി കത്തീഡ്രൽ ദേവാലയത്തിലും ശുശ്രൂഷ ചെയ്തു. രൂപത മൈനർ സെമിനാരിയിൽ അധ്യാപകൻ, ന്യൂമാൻസ് കോളേജ് പ്രിൻസിപ്പൽ, ദ്വാരക സീയോൻ ധ്യാനകേന്ദ്രം ഡയറക്ടർ, ദിവ്യകാരുണ്യ വർഷം, കുടുംബ വര്‍ഷം എന്നിവയുടെ കോർഡിനേറ്റർ, രൂപതാ കോടതിയിൽ ഡിഫൻഡർ ഓഫ് ബോണ്ട്, പ്രൊമോട്ടർ ഓഫ് ജസ്റ്റിസ്, ഇടിവണ്ണ ഇടവകയുടെ വികാരി എന്നീ ഉത്തരവാദിത്വങ്ങളും സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തിരിന്നു.