News - 2025
നിരപരാധിത്വം തെളിയിച്ച ശേഷം കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ റോമിലേക്ക്
പ്രവാചക ശബ്ദം 28-09-2020 - Monday
വത്തിക്കാന്‍ സിറ്റി: ലൈംഗീക ആരോപണ കേസില്‍ നിരപരാധിയായി തെളിയിക്കപ്പെട്ടതിനെ ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുന്നു. നാളെ സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച അദ്ദേഹം റോമിലേക്കു തിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വത്തിക്കാന്‍ സാമ്പത്തിക സെക്രട്ടറിയേറ്റ് തലവനായിരിക്കെ 2017ല്‍ അവധിയെടുത്ത് ഓസ്ട്രേലിയയിലേക്ക് പോയതിനു ശേഷം ഇതാദ്യമായാണ് കര്‍ദ്ദിനാള്‍ പെല്‍ വത്തിക്കാനിലേക്ക് മടങ്ങി വരുന്നത്. ഓസ്ട്രേലിയന്‍ ജേര്‍ണലിസ്റ്റ് ആഡ്ര്യൂ ബോള്‍ട്ട് റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത, കര്‍ദ്ദിനാളുമായി അടുപ്പമുള്ളവര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് (സി.എന്‍.എ) സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റവിമുക്തനായ ശേഷം സിഡ്നി അതിരൂപതയില്‍ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം.
2014-ലാണ് വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ നവീകരണത്തിനായി ഫ്രാന്‍സിസ് പാപ്പ പുതുതായി രൂപം കൊടുത്ത എക്കണോമി സെക്രട്ടറിയേറ്റിന്റെ തലവനായി കര്‍ദ്ദിനാള്‍ പെല്‍ നിയമിതനാകുന്നത്. ഓസ്ട്രേലിയയില്‍ തനിക്കെതിരെ ലൈംഗീകാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി 2017ല്‍ അദ്ദേഹം താല്‍ക്കാലിക അവധിയെടുത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങുകയായിരിന്നു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍വെച്ച് മെത്രാനായിരിക്കെ പള്ളിയിലെ ഗായക സംഘത്തില്‍ അംഗമായ രണ്ട് ആണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കി എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം.
കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു.
6 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കര്‍ദ്ദിനാള്‍ പതിമൂന്നു മാസങ്ങളോളം ഏകാന്ത തടവില്‍ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് കുറ്റവിമുക്തനാക്കപ്പെട്ടത്. അതേസമയം സാമ്പത്തിക ഇടപെടല്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ബെച്യു കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കര്‍ദ്ദിനാള്‍ പെല്‍ വത്തിക്കാനിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക