Life In Christ

'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വാഴ്ത്തപ്പെട്ട കൗമാരക്കാരന്‍' കാര്‍ളോ അക്യൂറ്റിസിന്റെ കബറിടം തുറന്നു

പ്രവാചക ശബ്ദം 01-10-2020 - Thursday

അസീസ്സി: ദിവ്യകാരുണ്യ ഭക്തിയിൽ ആഴപ്പെട്ട ജീവിതം നയിച്ച് 2006-ൽ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിന്റെ കബറിടം വിശ്വാസികൾക്ക് വണക്കത്തിനായി തുറന്നു. ഒക്ടോബർ 10ന് നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു മുന്നോടിയായാണ് അസീസിയിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനിൽ സ്ഥിതി ചെയ്യുന്ന കാർളോയുടെ കബറിടം ഇന്നു തുറന്നു നൽകിയിരിക്കുന്നത്. കാർളോയുടെ ഏതാനും ശരീരഭാഗങ്ങൾ അഴുകിയിട്ടില്ലായെന്നും എന്നാൽ ശരീരം പൂർണമായും അഴുകാത്ത നിലയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും അക്യൂറ്റിസിന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയുടെ വക്താവ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

കാർളോ ജീവിച്ചിരുന്ന സമയത്തെ മുഖ സാദൃശ്യം വീണ്ടെടുക്കാൻ വേണ്ടി ഏതാനും ചില മാറ്റങ്ങൾ ശരീരത്തിൽ വരുത്തിയതായി സാങ്ച്വറി ഓഫ് സ്പോളിയേഷന്റെ റെക്ടർ ഫാ. കാർലോസ് അകാസിയോ ഗോൺസാൽവസ് ഫെരരേര ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിനോട് വിശദീകരിച്ചു. അവയവങ്ങൾ അതേപടി തന്നെയുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി ജീൻസും ഷൂസും ധരിച്ച വിശുദ്ധനെ നമ്മൾ നേരിൽ കാണുകയാണെന്നും റെക്ടർ കൂട്ടിച്ചേർത്തു. ജീവിച്ചിരുന്ന സമയത്ത് ധരിച്ചിരുന്ന സാധാരണ വസ്ത്രങ്ങളാണ് കാർളോയുടെ ശരീരത്തിൽ ഇപ്പോൾ ധരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 17 വരെ സന്ദർശകർക്കായി ദേവാലയം തുറന്നു കിടക്കും. കാർളോയുടെ അമ്മ അന്റോണിയോ സൽസാനോയും ഇന്നത്തെ ചടങ്ങുകളിൽ പങ്കെടുത്തു.

ആരെയും അതിശയിപ്പിക്കുന്ന വിശുദ്ധ ജീവിതം നയിച്ച കാർളോ അക്യുറ്റിസ് ദിവ്യകാരുണ്യത്തോട് പ്രത്യേക ഭക്തി പുലർത്തിയിരുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു വെബ്സൈറ്റും വളരെ ചെറുപ്പത്തിൽ രൂപകൽപ്പന ചെയ്യാൻ ആ കൗമാരക്കാരനു സാധിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലുക്കീമിയ ബാധിച്ച മരണത്തോട് മല്ലിട്ട നാളുകളിൽ തന്റെ സഹനം സഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടിയാണ് കാർളോ കാഴ്ചവച്ചത്. 2006 ഒക്ടോബർ 12നു കാർളോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മകനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനത്തിനായി അമ്മ അന്റോണിയോ സൽസാനോയും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »