Arts - 2025
1600 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി തീര്‍ത്ഥാടകരില്ലാതെ വിശുദ്ധ നാട്
പ്രവാചക ശബ്ദം 08-10-2020 - Thursday
ജെറുസലേം: കഴിഞ്ഞ ആയിരത്തിഅറുനൂറു വര്‍ഷങ്ങളുടെ ചരിത്രത്തിനിടയില്‍ ആദ്യമായി ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഇല്ലാതെ ശൂന്യമായി ജെറുസലേം ഉള്‍പ്പെടുന്ന വിശുദ്ധ നാട്. ഒരിക്കലും നിലയ്ക്കില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്ന വിശുദ്ധ നാട് തീര്‍ത്ഥാടനം കൊറോണ മഹാമാരിയെ തുടര്‍ന്നു ശൂന്യമായ കാഴ്ചയാണ് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നു. ഏറ്റവുമധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ച 2019ന്റെ തൊട്ടടുത്ത വര്‍ഷമാണ് വിശുദ്ധനാട് തീര്‍ത്ഥാടക പ്രവാഹമില്ലാതെ ശൂന്യമായതെന്നതു ശ്രദ്ധേയമാണ്. കൊറോണ മഹാമാരി തുടരുന്ന സാഹചര്യത്തില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ഈ അവസ്ഥ തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന്‍ 150 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജെറുസലേമിലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിനു മുന്‍പ് കുറവുണ്ടായിട്ടുള്ളത്. നൂറ്റാണ്ടുകളായി ആയിരകണക്കിന് വിശ്വാസികള്‍ പ്രവേശനത്തിനായി ക്യൂ നിന്നുകൊണ്ടിരുന്ന വിശുദ്ധ നാട്ടിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ തിരുപ്പിറവിപ്പള്ളിയും, തിരുക്കല്ലറപ്പള്ളിയും ഇന്ന്‍ ശൂന്യമായി കിടക്കുകയാണ്. യുദ്ധങ്ങളും, അക്രമങ്ങളും, ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുപോലും വിശുദ്ധ നാട്ടിലേക്കുള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ഒരിക്കലും ഒഴുക്ക് നിലച്ചിരുന്നില്ല. ക്രീമിയന്‍ യുദ്ധത്തിനു ശേഷവും ജെറുസലേമില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശിച്ച 42 ലക്ഷം വിനോദ സഞ്ചാരികളില്‍ 10 ലക്ഷവും ക്രൈസ്തവരായിരുന്നു. ഏതാണ്ട് 150 കോടി ഡോളറാണ് ഇവര്‍ ടൂറിസം മേഖലക്ക് സമ്മാനിച്ചത്. അതേസമയം തീര്‍ത്ഥാടകര്‍ ഒഴിഞ്ഞ ഈ സമയം വിശുദ്ധനാട്ടിലെ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനാണ് വിശുദ്ധനാട്ടിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടന സ്ഥലങ്ങളുടെ സുരക്ഷക്കായി വത്തിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ‘കസ്റ്റോഡിയ ടെറാ സാന്റാ’യിലെ അംഗങ്ങളുടെ തീരുമാനം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക