Life In Christ

ലോക രാഷ്ട്രങ്ങള്‍ ക്രൈസ്തവ വിരുദ്ധതയ്ക്കെതിരെ പോരാടണം: ബ്രസീൽ പ്രസിഡന്റ് യുഎന്നിൽ

പ്രവാചക ശബ്ദം 09-10-2020 - Friday

സാവോപോളോ: ആഗോളതലത്തില്‍ വ്യാപകമാകുന്ന ക്രൈസ്തവ വിരുദ്ധതക്കെതിരെ (ക്രിസ്ത്യാനോഫോബിയ) ഒന്നിച്ച് പോരാടുവാൻ ലോകരാഷ്ട്രങ്ങളോട് ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജയ്‌ര്‍ ബോള്‍സൊണാരോ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാന വാരത്തിൽ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഓണ്‍ലൈന്‍ മുഖേനെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വത്താണെന്നും, മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനും, ക്രൈസ്തവവിരുദ്ധതക്കെതിരെ പോരാടുവാനും അന്താരാഷ്‌ട്ര സമൂഹത്തോടു ആഹ്വാനം ചെയ്യുന്നുവെന്നും ബോള്‍സൊണാരോ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സൂചിപ്പിച്ചു.

ലോകത്തെ ഏറ്റവും പ്രമുഖ യാഥാസ്ഥിതിക ക്രൈസ്തവ നേതാക്കളില്‍ ഒരാളായിട്ടാണ് ബോള്‍സൊണാരോ പരിഗണിക്കപ്പെടുന്നത്. കുടുംബം ആധാരമാക്കിയുള്ള ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ രാഷ്ട്രമാണ് ബ്രസീല്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിലെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ അക്രമങ്ങളും, മതപീഡനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബോള്‍സൊണാരോ പരാമര്‍ശം നടത്തിയതെന്നു നിരീക്ഷിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയ്ക്കെതിരെ ശബ്ദമുയർത്തുന്നവർ ക്രിസ്ത്യാനോഫോബിയയിൽ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്.

ഏകാധിപത്യ മനോഭാവമുള്ള രാഷ്ട്രങ്ങളില്‍ പീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മറയായി കൊറോണ പകര്‍ച്ചവ്യാധി മാറിയെന്ന്‍ യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതിന് ചൈനയില്‍ ക്രൈസ്തവർ അറസ്റ്റിലായതും, മതപീഡനം കാരണം പലായനം ചെയ്ത ക്രൈസ്തവർക്ക് എറിത്രിയയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളും, ഐക്യരാഷ്ട്ര സഭയുടെ സഹായവും നിഷേധിക്കപ്പെടുകയും ചെയ്തത് ചൈനയിലെ റിലീസ് ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി.

ബോള്‍സൊണാരോയുടെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഭൂരിഭാഗവും ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ക്രൈസ്തവ വിരുദ്ധതയെക്കുറിച്ചും, ബ്രസീല്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണെന്ന് പറഞ്ഞതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ബ്രസീലിയന്‍ എഴുത്തുകാരനായ ജൂലിയോ സെവ്രോ ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര പരാമര്‍ശിക്കുന്നില്ലെന്നും സെവ്രോ പറഞ്ഞു. ക്രൈസ്തവര്‍ക്ക് വേണ്ടി ഇതിനു മുന്‍പും ബോള്‍സൊണാരോ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രോലൈഫ് നിലപാടും ബ്രസീലിനെ മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിനു സമര്‍പ്പിച്ചതും ഇതിനുദാഹരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »