News - 2024

അര്‍മേനിയ അസര്‍ബൈജാന്‍ സംഘര്‍ഷം: പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 12-10-2020 - Monday

വത്തിക്കാന്‍ സിറ്റി: അര്‍മേനിയയ്ക്കും അസര്‍ബൈജാനുമിടയില്‍ പ്രശ്നം പരിഹരിക്കപ്പെടാനും സമാധാനം സംജാതമാകാനും പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വെടിനിര്‍ത്തല്‍ ധാരണ ദുര്‍ബലമാണെന്നു തനിക്കും ബോധ്യമുണ്ടെന്ന്, ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. നാഗാര്‍ണോ കരാബാക് പ്രദേശത്തെ ചൊല്ലി രണ്ടാഴ്ച യുദ്ധം ചെയ്ത ഇരു രാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയില്‍ താത്കാലിക വെടിനിര്‍ത്തലിനു തയാറായതിനെ മാര്‍പാപ്പ സ്വാഗതം ചെയ്തു. യുദ്ധത്തിന്റെ ദുരിതം നേരിടുന്ന സാധാരണക്കാരെ ഓര്‍ത്തും ഭവനങ്ങളും ആരാധനാലയങ്ങളും നശിക്കുന്നതോര്‍ത്തും വെടിനിര്‍ത്തല്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു. യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാനും മാര്‍പാപ്പ ആഹ്വാനം നല്‍കി.

വിഷയം രമ്യമായി പരിഹരിക്കുവാന്‍ പാപ്പ നേരത്തെയും ആഹ്വാനം നല്‍കിയിരിന്നു. അതേസമയം സംഘര്‍ഷത്തില്‍ പട്ടാളക്കാരും പൌരന്മാരും ഉള്‍പ്പെടെ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച അസര്‍ബൈജാന്‍ പട്ടാളം നാഗാര്‍ണോ കരാബാക്ക് മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രധാനമായ അര്‍മേനിയന്‍ ക്രൈസ്തവ കത്തീഡ്രലിനു വ്യാപകനാശം സംഭവിച്ചിരിന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സമാധാന ആഹ്വാനവുമായി ലോക രാജ്യങ്ങള്‍ സജീവമാണെങ്കിലും ആക്രമണം രൂക്ഷമായി തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »