Life In Christ - 2024

സിസ്റ്റർ മരിയ കാതറിന: ഒറ്റപ്പെടല്‍ നേരിടുന്ന അമ്മമാരെ കൈപിടിച്ച് ഉയര്‍ത്തുന്ന ഇന്തോനേഷ്യൻ കന്യാസ്ത്രീ

പ്രവാചക ശബ്ദം 14-10-2020 - Wednesday

സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ അതിജീവനത്തിനായി പാടുപെടുന്ന നിര്‍ധനരായ അമ്മമാര്‍ക്ക് താങ്ങും തണലുമായി കത്തോലിക്ക സന്യാസിനി. ഫ്രാൻസിസ്കൻ സഭാംഗമായ സിസ്റ്റർ മരിയ കാതറിനയാണ് ഗാർഹിക പീഡനം, ഭർത്താക്കന്മാരുടെ വിയോഗം, തുടങ്ങീ കടുത്ത വേദനകളിലൂടെ കടന്നുപോകുന്ന അമ്മമാര്‍ക്ക് കഴിഞ്ഞ നാലു വര്‍ഷമായി ആശ്വാസമായി മാറിയിരിക്കുന്നത്. ഒറ്റപ്പെടലിന്റെയും ദാരിദ്ര്യത്തിന്റെയും ഭാരം പേറുന്ന അമ്മമാര്‍ക്കായി 2016ലാണ് സിസ്റ്റർ കാതറിന 'അസോസിയേഷൻ ഓഫ് സിംഗിൾ മദേഴ്‌സ്' എന്ന സംഘടന സ്ഥാപിച്ചത്. ജാതി മതഭേദമന്യേ അഞ്ഞൂറിലധികം സ്ത്രീകള്‍ ഇതില്‍ നിന്ന്‍ സേവനം സ്വീകരിക്കുന്നുണ്ട്.

ഹെയർഡ്രെസിംഗ്, പാചകം, തയ്യൽ, എംബ്രോയിഡറി തുടങ്ങി വിവിധ ജീവിത വരുമാന മാര്‍ഗോപാധികള്‍ സിസ്റ്റർ ഇതിലൂടെ അവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കുടുംബത്തെ പോറ്റുന്നതിനും മക്കളുടെ വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമ്പാദിക്കാൻ അവരെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുവാന്‍ സഹായിക്കുക എന്നതാണ് തങ്ങളുടെ ഉദ്യമം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് സിസ്റ്റർ കാതറിന പറയുന്നു.

1978-ലാണ് സിസ്റ്റർ ഫ്രാന്‍സിസ്കന്‍ സഭയുടെ ലാപുംഗിലെ സെന്റ് ഗ്രിഗറി മഠത്തിൽ ചേർന്നത്. ദരിദ്രരെ സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ് അസീസ്സിയും സഭയുടെ സ്ഥാപക സിസ്റ്റർ മരിയ അൻസെൽമ ബോപ്പ് എന്നിവരാണ് സിസ്റ്ററിന്റെ പ്രചോദനം. സന്യാസത്തിന്റെ ആദ്യഘട്ടങ്ങളിൽ അവർ സേവനം ചെയ്തത് ലാംപുംഗിലെ തെരുവുകുട്ടികളുടെയും, ടാക്‌സി ഡ്രൈവർമാരുടെയും നടുവിലായിരിന്നു. പ്രാർത്ഥനയും ദരിദ്രരോടുള്ള സ്നേഹവും, താന്‍ ചെയ്യുന്ന ശുശ്രൂഷയില്‍ കണ്ടെത്തുന്ന ആനന്ദവും തന്നെ ഇതിനായി രൂപപ്പെടുത്തിയെന്ന് സിസ്റ്റര്‍ പറയുന്നു.

വിവിധ മത പശ്ചാത്തലത്തിൽ നിന്നുള്ളവരുമായി ഇടപെടാൻ കഴിയുന്നതും, ഒരു ക്രിസ്ത്യാനി ആണെന്നുള്ള കാര്യം അവർ ഒരു പ്രശ്നമായി കണക്കാക്കാത്തതും ഒരു വലിയ കാര്യമായി സിസ്റ്റർ കരുതുന്നു. ഒറ്റപ്പെട്ട അമ്മമാർ ഉൾപ്പെടെ, ദരിദ്രരും നിസ്സഹായരുമായ സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ദുരിതത്തെയും വേദനയെയും കഷ്ടപ്പാടുകളെയും നാം തിരിച്ചറിയണമെന്നും അതിനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം പ്രചോദനം നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവർക്കുള്ള സഭയാകാൻ ഫ്രാൻസിസ് മാർപാപ്പ തിരുസഭയോട് ആവശ്യപ്പെടുന്നു. മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുന്ന 'വൃത്തിഹീനവും ദുർഗന്ധവുമുള്ള' ഒരു സഭയാണ് പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നത്. നിർധനരായ ആരും സഹായത്തിനില്ലാത്ത അമ്മമാരെ സഹായിക്കാനുള്ള ഒരു പ്രചോദനം ഇത് തനിക്ക് നല്‍കിയെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യക്കടത്തിനു ഇരകളാകുന്ന സഹോദരിമാരെ സഹായിക്കുന്നതിനായി വനിതാ സമൂഹം നടത്തുന്ന "താലിത കും ഇന്തോനേഷ്യ" യിലെ അംഗം കൂടിയാണ് സിസ്റ്റർ മരിയ കാതറിന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »