News - 2025
തുർക്കി അടുത്ത ക്രൈസ്തവ വംശഹത്യ നടത്താൻ സാധ്യതയുണ്ട്: മുന്നറിയിപ്പുമായി അർമേനിയൻ സഭാതലവൻ
പ്രവാചക ശബ്ദം 22-10-2020 - Thursday
യെരെവാൻ: മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ തുർക്കി അടുത്ത വംശഹത്യ നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അർമേനിയൻ അപ്പസ്തോലിക് സഭയുടെ തലവൻ പാത്രിയാർക്ക് കാതോലിക്കോസ് കാരിക്കിൻ രണ്ടാമൻ രംഗത്തെത്തി. നാഗോർനോ കാരബാക്ക് പ്രവിശ്യയിൽ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കാതോലിക്കോസ് കാരിക്കിൻ പ്രതികരണം നടത്തിയിരിക്കുന്നത്. ഒരു കാരണവുമില്ലാതെ സാധാരണക്കാരെ ബോംബിട്ട് കൊല്ലുന്നതും, ദേവാലയങ്ങളും, ചരിത്രസ്മാരകങ്ങളും തകർക്കുന്നതും വംശഹത്യയല്ലാതെ എന്താണെന്ന് ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദ്യമുയർത്തി. തർക്കമുള്ള പ്രദേശത്തിന്റെ സ്വയം ഭരണാധികാരം അംഗീകരിച്ചാൽ മാത്രമേ ഒരു വംശഹത്യ ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർമേനിയൻ വംശജർക്കെതിരെ തുർക്കി നടത്തിയ നരനായാട്ടിൽ 15 ലക്ഷം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഇതാണ് ചരിത്രത്തിൽ 'അർമേനിയൻ വംശഹത്യ' എന്ന പേരിൽ അറിയപ്പെടുന്നത്. ഒന്നാംലോകയുദ്ധത്തില്‍ അര്‍മേനിയന്‍ ക്രൈസ്തവര്‍ റഷ്യക്കൊപ്പം ചേരുമെന്ന് ഭയന്നാണ് ഓട്ടോമന്‍ തുര്‍ക്കികള്‍ അവരെ വംശഹത്യ നടത്തിയത്. അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍ഗാമികളായ തുര്‍ക്കി അംഗീകരിക്കുന്നില്ല.
അർമേനിയൻ ഭൂരിപക്ഷമുള്ള നാഗോർനോ കാരബാക്ക് പ്രവിശ്യയെ ചൊല്ലി 1988 മുതൽ അസർബൈജാനും, അർമേനിയയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം നാഗോർനോ കാരബാക്ക് പ്രവിശ സ്വയംഭരണപ്രദേശമായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് തർക്കങ്ങൾ തുടർന്നെങ്കിലും ഈ വർഷം സെപ്റ്റംബർ മാസമാണ് സായുധ പോരാട്ടം രൂക്ഷമാകുന്നത്. അയൽരാജ്യങ്ങളും പ്രശ്നത്തിൽ ഇടപെട്ടു.
തുർക്കി പരസ്യമായി തന്നെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാന് പിന്തുണ നൽകുമെന്ന് ഇതിനിടയിൽ പ്രഖ്യാപനം നടത്തി. ഇതേ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ചിരിന്നവരെ തുർക്കി സൈന്യത്തിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. അതേസമയം യുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അർമേനിയയിൽ എത്തുന്നവർക്ക് സഹായം നൽകാൻ തങ്ങൾ എല്ലാ സജ്ജമാക്കിയിട്ടുണ്ടെന്ന് കാതോലിക്കോസ് കാരിക്കിൻ പറഞ്ഞു. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര ഇടപെടലും അദ്ദേഹം അഭ്യർത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക