India - 2024

കുരിശ് അവഹേളിച്ചതില്‍ വ്യാപക പ്രതിഷേധം

26-10-2020 - Monday

തിരുവമ്പാടി/പൂഞ്ഞാര്‍: കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിക്കു സമീപം കക്കാടംപൊയില്‍ വാളംതോട് കുരിശുമലയിലും കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനു സമീപം പുല്ലേപാറ കുരിശടിയിലും വിശുദ്ധ കുരിശിനെ സാമൂഹികവിരുദ്ധര്‍ അവഹേളിച്ചതില്‍ വ്യാപക പ്രതിഷേധം. വിനോദസഞ്ചാരികളായി വരുന്ന സാമൂഹികവിരുദ്ധര്‍ കക്കാടംപൊയില്‍ വാളംതോട് ഗീവര്‍ഗീസ് നഗര്‍ മലകളിലെ വിശ്വാസപ്രതീകമായ കുരിശിന്റെ മുകളില്‍ കയറിനിന്ന് അപമാനിക്കുന്ന രീതിയില്‍ ഫോട്ടോ എടുക്കുകയും വിശ്വാസീസമൂഹത്തെ അവഹേളിക്കുകയും ചെയ്യുന്നതു പതിവായിരിക്കുകയാണെന്നാണു പരാതി. നിരവധി തവണ ഇടവകാംഗങ്ങളാല്‍ പിടിക്കപ്പെട്ടിട്ടും പോലീസ് കേസ് എടുത്തിട്ടും ഇത് ആവര്‍ത്തിക്കുന്നതു ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കാനും മതേതര ഐക്യം തകര്‍ക്കാനുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

സംഘടിതരായി വരുന്നവര്‍ നാട്ടുകാരോട് അപമര്യാദയായി പെരുമാറുകയും സ്ത്രീകളോടു മാന്യതയില്ലാതെ പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഇവര്‍ റോഡിന്റെ വശങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ പറന്പില്‍ കയറി കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. കക്കാടംപൊയില്‍ പള്ളിയുടെ കോന്പൗണ്ടിലും സെമിത്തേരിയിലും കയറി ശല്യം ചെയ്യുന്നതും പതിവാണ്. കുരിശിനു മുകളില്‍ കയറുകയും െ്രെകസ്തവരെയും െ്രെകസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് താമരശേരി രൂപതയും ഇടവകസമൂഹവും വിവിധ െ്രെകസ്തവ സംഘടനകളും ആവശ്യപ്പെട്ടു.

നീചവും മതനിന്ദാപരവുമായ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു വൈകുന്നേരം അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെയും കക്കാടംപൊയില്‍ ഇടവക ജനത്തിന്റെയും നേതൃത്വത്തില്‍ കക്കാടംപൊയില്‍ കുരിശുമലയില്‍ കാവല്‍സമരം നടത്തും. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സമരം ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരപരിപാടികള്‍ നടത്തുക.

കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും സാമൂഹ്യവിരുദ്ധര്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള തീര്‍ഥാടന കേന്ദ്രമായ പുല്ലേപാറ കുരിശടിയിലെ കുരിശില്‍ കയറി ഇരിക്കുകയും അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഏതാനും നാളുകളായി ഇവര്‍ കുരിശടിയില്‍ എത്തി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്ന് സ്ഥലവാസികള്‍ പറയുന്നു.

പുല്ലേപാറയില്‍ പൂഞ്ഞാര്‍ ഫൊറോനയ്ക്കു മുക്കാല്‍ ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലത്താണ് കുരിശു സ്ഥാപിച്ചിട്ടുള്ളത്. നോന്പുകാലത്താണ് പ്രധാനമായും ഇവിടെ തിരുക്കര്‍മങ്ങള്‍ നടത്താറുള്ളത്. ചാപ്പല്‍ രീതിയില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്നും വികാരി ഫാ. മാത്യു കടൂക്കുന്നേല്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളി വികാരി ഫാ. മാത്യു കടൂക്കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര ഇടവക പ്രതിനിധിയോഗം സംഭവത്തില്‍ പ്രതിഷേധിക്കുകയും വികാരിയുടെ നേതൃത്വത്തില്‍ പോലീസ് അധികൃതര്‍ക്കു പരാതി നല്‍കുകയും ചെയ്തു.


Related Articles »