News - 2025

സാമുവല്‍ പാറ്റി: കത്തോലിക്ക സ്കൂളുകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷൻ

പ്രവാചക ശബ്ദം 28-10-2020 - Wednesday

പാരീസ്: ഫ്രാൻസിലെ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള വിദ്യാലയത്തിലെ അധ്യാപകനായിരുന്ന സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ, രാജ്യത്തെ കത്തോലിക്കാ സ്കൂളുകള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസിന്റെ വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച്. ഒക്ടോബർ 19നു പുറത്തുവിട്ട കുറിപ്പിൽ വിദ്യാഭ്യാസ സമിതിയുടെ സെക്രട്ടറി ജനറൽ ഫിലിപ്പ് ഡെലോർമിയും ഒപ്പുവച്ചിട്ടുണ്ട്. അറിവില്ലായ്മയെ ചെറുക്കാനായി തങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും കത്തോലിക്കാ വിദ്യാലയങ്ങളുടെ സേവനം സുപ്രധാനമാണെന്നും ആർച്ച് ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച് അഭിപ്രായപ്പെട്ടു.

തങ്ങളുടെ ബഹുമാനവും, പ്രാർത്ഥനയും അവരോടൊപ്പം ഉണ്ടെന്നും ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിന്റെ ചിത്രം വിദ്യാർത്ഥികളെ കാണിച്ചു എന്നാരോപണത്തിന് പിന്നാലെയാണ് അബ്ദുള്ളക്ക അൻസൊറോവ് എന്ന യുവാവ് നടുറോഡിൽ സാമുവലിന്റെ കഴുത്തറുത്ത് കൊല ചെയ്തത്. പോലീസെത്തി ഇയാളെ ഉടനെ തന്നെ വെടിവെച്ച് കൊലപ്പെടുത്തി. അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചാണ് അൻസൊറോവ് അധ്യാപകന്റെ തലയറുത്തതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരിന്നു.

നിരവധി കത്തോലിക്ക നേതാക്കൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സാമുവൽ പാറ്റിയോടുള്ള ആദര സൂചകമായി 2016ൽ തീവ്രവാദികൾ കഴുത്തറുത്ത് കൊല ചെയ്ത കത്തോലിക്കാ വൈദികനായിരുന്ന ഫാ. ജാക്വിസ് ഹാമലിന്റെ സ്മാരകത്തിൽ ഫ്രാൻസിലെ മതനേതാക്കൾ കഴിഞ്ഞദിവസം ഒത്തുചേർന്നിരിന്നു. ഹാമൽ രക്തസാക്ഷിയായ സെന്റ് എറ്റിനി ഡു റൂവ്റേ എന്ന ദേവാലയത്തിനു സമീപത്തെ സ്മാരകത്തിലാണ് റൂവൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഡോമിനിക്ക് ലെബ്രൂണും, യഹൂദ, മുസ്ലിം നേതാക്കളും അനുശോചനം അർപ്പിക്കാനായി എത്തിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »