News - 2025

പ്രതിഷേധത്തിന് ഫലം: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയുടെ മോചനത്തിനായി ഇടപെടലുമായി സിന്ധ് ഗവണ്‍മെന്‍റ്

പ്രവാചക ശബ്ദം 02-11-2020 - Monday

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയായ പതിമൂന്നു വയസുള്ള ആര്‍സൂ രാജയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ക്കൊപ്പം അയച്ച സിന്ധ് ഹൈക്കോടതിവിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്‍മെന്റ് കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍പേഴ്സണ്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ആര്‍സൂവിന്റെ കേസ് ബാലവിവാഹത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കോടതി വിധി പുനഃപരിശോധിക്കണമെന്നും, ഇക്കാര്യത്തില്‍ കോടതിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും, ആര്‍സൂവിന് നീതി ലഭിക്കുവാന്‍ കോടതിയാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്‍മെന്റ് (ജി.ഒ.എസ്) കോടതിയെ സമീപിക്കുമെന്ന്‍ സര്‍ദാരി വ്യക്തമാക്കിയതായാണ് 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.

പി.പി.പിയുടെ നേതൃത്വത്തിലുള്ള സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍ 2013-ല്‍ ബാല വിവാഹം നിരോധിച്ചുകൊണ്ടുള്ള സിന്ധ് ചൈല്‍ഡ് മാര്യേജ് ആക്ട് പാസ്സാക്കിയിട്ടുള്ളതാണെന്നും നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ പാര്‍ട്ടി പോരാടുമെന്നും സര്‍ദാരിയുടെ ട്വീറ്റില്‍ പറയുന്നു. ആര്‍സൂവിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേര്‍ക്ക് കറാച്ചിയിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സര്‍ദാരിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ മൂന്നു പേരും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ്‌ സെഷന്‍സ് ജഡ്ജി ഫൈസാ ഖലീല സമക്ഷം ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് സമ്മതിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി സിന്ധ് ഹൈക്കോടതി മുന്‍പാകെ പ്രതിഭാഗം വക്കീല്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ആര്‍സൂവിന് 18 വയസ്സ് തികഞ്ഞുവെന്ന്‍ അവകാശപ്പെട്ടുകൊണ്ട്‌ അസ്ഹര്‍ അലി സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ വ്യാജമാണെന്നാണ് തെളിവുകൾ സഹിതം ആര്‍സൂവിന്റെ അമ്മ ചൂണ്ടിക്കാട്ടുന്നത്. ആര്‍സൂവിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ബാല വിവാഹവും പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പാക്ക് ക്രൈസ്തവർ നേരിടുന്ന മതപീഡനത്തില്‍ ഐക്യരാഷ്ട്ര സഭയും, പ്രമുഖ മനുഷ്യാവകാശ സംഘടനകളും നിഷ്ക്രിയരാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഓപ്പണ്‍ ഡോഴ്സിന്റെ 2020-ലെ പട്ടികയനുസരിച്ച് ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ അഞ്ചാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »