Arts - 2025
ജെറുസലേമിലെ പ്രധാന ആകര്‍ഷണമായ ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
പ്രവാചക ശബ്ദം 03-11-2020 - Tuesday
ജെറുസലേം: വിശുദ്ധ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ ദാവീദിന്റെ ഗോപുരത്തിന്റെ പുനരുദ്ധാരണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നു സന്ദര്‍ശകര്‍ ഒഴിഞ്ഞ സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് അഞ്ചു ലക്ഷത്തോളം സന്ദര്‍ശകരെ ആകര്‍ഷിച്ച ഈ പുരാതന ചരിത്ര സ്മാരകം പുനരുദ്ധരിക്കുവാന്‍ തീരുമാനിച്ചത്. ബൈബിളില്‍ പരാമര്‍ശിക്കുന്ന ചരിത്ര സ്മാരകത്തിന് ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ തന്നെ ആരംഭിക്കുകയായിരിന്നു. ബൈബിളിലെ ഉത്തമഗീതങ്ങളിലാണ് ആദ്യമായി ദാവീദിന്റെ ഗോപുരത്തെക്കുറിച്ച് പരാമര്‍ശിച്ചു കാണുന്നത്.
ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തില്‍ ഒരു പുതിയ സന്ദര്‍ശക കേന്ദ്രവും, പ്രവേശന കവാടവും നിര്‍മ്മിക്കുവാനും മ്യൂസിയത്തിന്റെ വലിപ്പവും വര്‍ദ്ധിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി നടക്കുന്ന ഉദ്ഖനനത്തില്‍ പുരാവസ്തു പ്രാധാന്യമുള്ള ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഗോപുരത്തിന്റെ അടിയിലായി ഒരു ഭൂഗര്‍ഭ അറ കണ്ടെത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍. മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ അറ നഗരമതിലുകളുടെ അടിയിലൂടെ പോകുന്ന തുരങ്കത്തോട് കൂടിയ ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന കുഴിയായിരുന്നുവെന്ന് ഈ അറയില്‍ നടത്തിയ പരിശോധനകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളില്‍ കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തുവാന്‍ കഴിയുമെന്ന്‍ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയിലെ പുരാവസ്തു ഗവേഷകനായ അമിത് റീം പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)