India - 2024

സന്യാസ സമൂഹാംഗങ്ങള്‍ക്കു വ്യക്തിഗത റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നടപടി പാതിവഴിയില്‍

ദീപിക 09-11-2020 - Monday

കൊച്ചി: സംസ്ഥാനത്തെ വിവിധ സന്യാസ സമൂഹാംഗങ്ങള്‍ക്കു വ്യക്തിഗത റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നടപടികള്‍ പാതിവഴിയില്‍. കേരള കത്തോലിക്കാസഭാ നേതൃത്വത്തിന്റെയും സന്യാസമൂഹങ്ങളുടെയും കാലങ്ങളായുള്ള ആവശ്യത്തോടു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനുകൂല നിലപാടെടുത്തെങ്കിലും മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതാണു തുടര്‍നടപടികള്‍ ഇഴയാന്‍ കാരണം. നിലവില്‍ സന്യാസ സ്ഥാപനങ്ങളില്‍ മദര്‍ സുപ്പീരിയറുടെയോ ആശ്രമാധിപന്റെയോ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നുണ്ടെങ്കിലും അവിടുത്തെ താമസക്കാരായ സന്യസ്തരുടെ പേരുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ, അവര്‍ക്ക് റേഷന്‍ കാര്‍ഡ് ആധാരമാക്കിയുള്ള ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിക്കില്ല. രൂപതകളിലെ വൈദികരുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സന്യാസ ജീവിതത്തിലേക്കു പ്രവേശിച്ചവരെന്ന നിലയില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും പേരുകള്‍ തങ്ങളുടെ വീടുകളിലെ റേഷന്‍ കാര്‍ഡുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി റേഷന്‍ കാര്‍ഡ് പരിഗണിക്കപ്പെടുന്ന പല സര്‍ക്കാര്‍ ആവശ്യങ്ങളിലും സന്യസ്തര്‍ ബുദ്ധിമുട്ട് നേരിടുന്നതു പതിവാണെന്ന് എസ്ഡി സന്യാസിനിയായ സിസ്റ്റര്‍ കിരണ്‍ പറഞ്ഞു. ഒരു വിഭാഗം സന്യാസമഠങ്ങളിലെ റേഷന്‍ പെര്‍മിറ്റ് അകാരണമായി റദ്ദാക്കിയതായും ആരോപണമുണ്ട്. വിവിധ കോണ്‍ഗ്രിഗേഷനുകളിലായി 239 ബ്രദര്‍മാരും സേവനം ചെയ്യുന്നുണ്ട്. റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം, വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനവും സന്യസ്തര്‍ക്കു കിട്ടുന്നില്ല.

കേരള കത്തോലിക്കാസഭയില്‍ 277 സന്യാസ സമൂഹങ്ങളിലായി 5,642 സന്യാസിമാരും 42,256 സന്യാസിനിമാരുമാണു സേവനം ചെയ്യുന്നത്. സഭാ ശുശ്രൂഷകള്‍ക്കു പുറമേ, സമൂഹത്തിനായി വിവിധ തലങ്ങളില്‍ സേവനം ചെയ്യുന്നവരാണ് ഇവരിലേറെയും. പൗരന്‍ എന്ന നിലയില്‍ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ സേവനപദ്ധതികളില്‍ നിന്നു സന്യസ്തരെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. സന്യസ്തര്‍ക്കു റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്സിസി, എസ്ഡി സന്യാസിനി സമൂഹങ്ങളുടെ മദര്‍ സുപ്പീരിയര്‍മാര്‍ ഭക്ഷ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ചു തീരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടി നീളുമെന്നാണ് ആശങ്ക.


Related Articles »