News - 2025
ഇറ്റലിയിലെ പുതിയ കൊറോണ നിയന്ത്രണങ്ങളില്‍ ദേവാലയങ്ങള്‍ക്ക് ഇളവ്
പ്രവാചക ശബ്ദം 09-11-2020 - Monday
റോം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ പുതിയ കൊറോണ നിയന്ത്രണങ്ങളില്‍ ദേവാലയങ്ങള്‍ക്ക് ഇളവ്. ദേവാലയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കുമായി തുറന്ന്‍ പ്രവര്‍ത്തിക്കാമെന്ന് പുതിയ ലോക്ക്ഡൌണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വത്തിക്കാന്‍ മ്യൂസിയം അടച്ചിടുവാന്‍ ഫ്രാന്‍സിസ് പാപ്പ ഉത്തരവിട്ടതിന്റെ തൊട്ടുപിന്നാലെയാണ് വിശുദ്ധ കുര്‍ബനയും ശുശ്രൂഷകളും തുടരാമെന്ന വിവരം ഇറ്റലിയിലെ മെത്രാന്‍ സമിതി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നേരത്തെ രോഗ വ്യാപനത്തെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയുടെ വ്യാഴാഴ്ച തോറുമുള്ള പൊതു അഭിസംബോധനകള്‍ വീണ്ടും ഓണ്‍ലൈനിലൂടെ പുനഃക്രമീകരിച്ചിരിന്നു.
പുതിയ സാഹചര്യം കണക്കിലെടുത്ത് വിവേകത്തോടും ജാഗ്രതയോടും കൂടി ശുശ്രൂഷകള്‍ തുടരുവാന്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതി വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആരാധനകള്‍ പരമാവധി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുവാനാണ് മെത്രാന്‍ സമിതിയുടെ ശുപാര്‍ശ. ദേവാലയങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ഇറ്റലിയില്‍ ഡിസംബര്‍ മൂന്നു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗബാധയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് കര്‍ഫ്യു നീട്ടാനും സാധ്യതയുണ്ട്. കൊറോണ നിരക്ക് വര്‍ദ്ധിക്കുവാന്‍ സാധ്യതകൂടിയ പ്രദേശങ്ങളെ തിരിച്ചറിയുവാന്‍ ത്രിതല പദ്ധതിക്ക് തന്നെ ഇറ്റാലിയന്‍ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. അതനുസരിച്ച് കൊറോണ കേസുകളുടെ തോതനുസരിച്ച് പ്രദേശങ്ങളെ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ സോണുകളായി തിരിച്ചിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക