News - 2024

പീഡിത ക്രൈസ്തവർക്ക് പുറമേ കൊറോണ പോരാളികളെയും സ്മരിച്ച് ഫിലിപ്പീൻസ് ദേവാലയങ്ങൾ ചുവപ്പിൽ മുങ്ങും

പ്രവാചക ശബ്ദം 10-11-2020 - Tuesday

മനില: അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് പുറമേ കൊറോണക്കിരയായവര്‍ക്കും, കൊറോണയ്ക്കെതിരെ പോരാടുന്നവര്‍ക്കുമായി ഇക്കൊല്ലത്തെ “ചുവപ്പ് ബുധന്‍” ദിനാചരണം (റെഡ് വെനസ്ഡേ) സമര്‍പ്പിക്കുന്നുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍)ന്റെ ഫിലിപ്പീന്‍സ് ഘടകം. കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അന്ധകാരത്തിനിടയില്‍ പ്രതീക്ഷയെ ആളിക്കത്തിക്കുകയാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധൻ ആചരണത്തിന്റെ ലക്ഷ്യമെന്നും എ.സി.എന്‍ ഫിലിപ്പീന്‍സിന്റെ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് പറഞ്ഞു. നവംബര്‍ 25നാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ആചരണം.

ചുവപ്പ് ബുധന്‍ ആചരണത്തില്‍ പങ്കുചേരുവാന്‍ രൂപതകളേയും, ഇടവകകളേയും, സഭാ സ്ഥാപനങ്ങളേയും മെത്രാപ്പോലീത്ത ക്ഷണിച്ചു. ചുവപ്പെന്നാല്‍ സ്നേഹമാണെന്നും, കൊറോണയ്ക്കെതിരെ സഭ ഒറ്റക്കെട്ടാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പ്രതീക്ഷ അസ്തമിക്കുകയും, വിശ്വാസം ക്ഷയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന്‍ പോരാടുന്നവരുടെ ധൈര്യവും, രോഗമുക്തി നേടിയവരുടെ ക്ഷമയും, എല്ലാത്തിനുമുപരിയായി സഭയിലൂടെയും സ്വന്തം ജനത്തിലൂടെയും പ്രകടമായ ദൈവ കാരുണ്യത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ആചരണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനും, മതപീഡനത്തിനിരയാകുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും വേണ്ടി ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ആണ് ചുവപ്പ് ബുധന്‍ ആചരണം 2016-ല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലാണ് ചുവപ്പ് ബുധന്‍ ആദ്യമായി ആചരിച്ചത്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവന്ന നിറത്തില്‍ ദേവാലയങ്ങള്‍ അലങ്കരിക്കുന്നതാണ് ചുവപ്പ് ബുധന്‍ ആചരണത്തിന്റെ ഏറ്റവും വലിയ സവിശേഷത. പൊന്തിഫിക്കൽ സംഘടനയുടെ ഈ ശ്രദ്ധേയമായ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ ഈ ദിവസം ചുവപ്പ് നിറങ്ങളാൽ അലങ്കരിക്കാറുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »