News - 2024
പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ ദേവാലയങ്ങള്‍ ചുവപ്പുനിറമാകും
സ്വന്തം ലേഖകന്‍ 08-11-2017 - Wednesday
ലണ്ടന്‍: ആഗോള തലത്തില്‍ മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ നിസ്സഹായവസ്ഥ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി സ്കോട്ട്‌ലൻഡിനു പടിഞ്ഞാറന്‍ തീരം മുതല്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരം വരയുള്ള ദേവാലയങ്ങളും സ്കൂളുകളും നവംബര്‍ 22-ന് ചുവപ്പ് നിറത്തിലുള്ള ദീപങ്ങളാല്‍ അലംകൃതമാകും. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (ACN) ആണ് ‘ചുവപ്പു ബുധന്‍’ (Red Wednesday) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയ്ക്കു നേതൃത്വം നല്‍കുന്നത്. രക്തസാക്ഷിത്വത്തിന്റെ നിറമായതിനാലാണ് ചുവപ്പ് നിറം തിരഞ്ഞെടുത്തതെന്നു സംഘാടകര്‍ അറിയിച്ചു.
സമൂഹത്തില്‍ വിശ്വാസവും സഹിഷ്ണുതയും വളര്‍ത്തുക, മതത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിര്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പരിപാടിയുടെ പിന്നിലുണ്ട്. ഇംഗ്ലണ്ടിലെ വാല്‍സിംഹാമിലെ ദൈവമാതാവിന്റെ പേരിലുള്ള തീര്‍ത്ഥാടന കേന്ദ്രം, ബെല്‍ഷില്ളിലെ കര്‍ദ്ദിനാള്‍ ന്യൂമാന്‍ ഹൈസ്കൂള്‍, ഇന്‍വേര്‍നസിലെ സെന്റ് കൊളംബസ് ചര്‍ച്ച്, പോണ്ടെഫ്രാക്റ്റിലെ സെന്റ് ജോസഫ് തുടങ്ങിയ പ്രമുഖ ദേവാലയങ്ങളും സ്കൂളുകളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നു ഇതിനോടകം അറിയിച്ചിട്ടുണ്ട്.
പശ്ചിമേഷ്യപോലെയുള്ള സ്ഥലങ്ങളില്‍ മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികളെ സഹായിക്കുവാനും, വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുവാനും ‘റെഡ് വെനസ്ഡേ’ ഒരു നല്ല അവസരമാണെന്ന് പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ പാട്രീഷ്യ ഹാട്ടന്‍ പറഞ്ഞു. നവംബര്‍ 22-ന് വൈകീട്ട് 6 മണിക്ക് വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ പിയാസ്സയില്‍ വെച്ച് നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ സകലരേയും ക്ഷണിച്ചിട്ടുണ്ട്.
ഇതിനോടനുബന്ധിച്ച് സംഗീതവും, വീഡിയോ പ്രദര്‍ശനവും, വിശ്വാസികളുടെ സാക്ഷ്യങ്ങളും ഉണ്ടായിരിക്കും. ‘റെഡ് വെനസ്ഡേ’യില്‍ പങ്കെടുക്കുവാന്‍ എത്തുന്നന്നവരോട് ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുവാനും എസിഎന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നു യുകെയില്‍ സമാനമായ ആചരണം നടന്നിരിന്നു.