Arts - 2024

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലികഴിച്ച രക്തസാക്ഷികളെ സ്മരിച്ച് നെതര്‍ലന്‍ഡ്‌സിലെ ദേവാലയങ്ങള്‍ ചുവപ്പണിഞ്ഞു

പ്രവാചകശബ്ദം 27-11-2022 - Sunday

ആംസ്റ്റര്‍ഡാം: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലികഴിച്ച രക്തസാക്ഷികളെയും, മതപീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്നവരേയും അനുസ്മരിക്കുന്നതിനായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് നീഡ്‌ (എ.സി.എന്‍) ആഹ്വാനം ചെയ്ത ‘ചുവപ്പ് ബുധന്‍’ ആചരണത്തില്‍ പങ്കെടുത്തുകൊണ്ട് നെതര്‍ലന്‍ഡ്‌സിലെ ദേവാലയങ്ങള്‍ നവംബര്‍ 23-ന് മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരിലേക്കും, മതസ്വാതന്ത്ര്യ ലംഘനങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നെതര്‍ലന്‍ഡ്‌സിലെ നൂറ്റിനാല്‍പ്പതോളം ദേവാലയങ്ങളാണ് ചുവപ്പ് നിറത്തില്‍ അലംകൃതമാക്കിയത്.

ഹെയിലൂവിലെ ഔര്‍ ലേഡി ഓഫ് ടെര്‍ നൂദ് ജൂലിയാന ആശ്രമവും, ഗ്രേസ് ചാപ്പലും ചുവപ്പ് ബുധന്‍ ആചരണത്തില്‍ പങ്കെടുത്ത ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു. നെതര്‍ലന്‍ഡ്‌സിന് പുറമേ ലോകത്തെ വിവിധ രാജ്യങ്ങളിലെ നിരവധി സ്കൂളുകളും ദേവാലയങ്ങളും രക്തസാക്ഷികളുടെ ചുടുരക്തത്തെ ഓര്‍മ്മപ്പെടുത്തുന്ന ചുവപ്പ് നിറത്താല്‍ അലംകൃതമാക്കിയിരിന്നു. ലോകത്ത് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്ന മതവിഭാഗം ക്രിസ്ത്യാനികളാണ്. വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുവാന്‍ ‘ചുവപ്പ് ബുധന്‍’ ആചരണം വലിയ രീതിയില്‍ ഉപകരിക്കുന്നുണ്ട്.

ദേവാലയങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ സമുച്ചയങ്ങള്‍ സ്മാരകങ്ങള്‍ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തില്‍ മിന്നിത്തിളങ്ങുന്നതാണ് ചുവപ്പ് ബുധന്‍ അഥവാ Red Wednesday ആചരണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആളുകള്‍, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയും വിശ്വാസികള്‍ക്കും, സംഘടനകള്‍ക്കുമിടയില്‍ സഹിഷ്ണുതക്കും, പരസ്പര ബഹുമാനത്തിനും ആഹ്വാനം ചെയ്യുകയുമാണ് ചുവപ്പ് ബുധന്‍ ആചരണം കൊണ്ട് എ.സി.എന്‍ ലക്ഷ്യമിടുന്നത്.


Related Articles »