News - 2024

നീതിയ്ക്കരികെ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ: പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

പ്രവാചക ശബ്ദം 11-11-2020 - Wednesday

ലാഹോര്‍: പാക്കിസ്ഥാനില്‍ നാല്‍പ്പത്തിനാലുകാരന്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടി ആർസൂ രാജയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലായെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ആർസൂ രാജയുടെ കേസ് പരിഗണിക്കുന്ന സിന്ധ് ഹൈക്കോടതിയിൽ നവംബര്‍ 9നാണ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ആർസൂവിന് ഏകദേശം പതിനാലു വയസ്സ് പ്രായമേയുള്ളുയെന്നു മെഡിക്കല്‍ ടെസ്റ്റില്‍ വ്യക്തമായെന്നും പെണ്‍കുട്ടിയ്ക്കു പതിമൂന്നു വയസെന്ന് രേഖപ്പെടുത്തിയ എന്‍‌എ‌ഡി‌ആര്‍‌എ ഡോക്യുമെന്റ്സ് വ്യാജമല്ലെന്നു കോടതി അംഗീകരിച്ചുവെന്നും ആർസൂവിന്റെ മാതാപിതാക്കൾക്കു വേണ്ടി ഹാജരായ ജിബ്രാൻ നസീർ മാധ്യമങ്ങളോട് പറഞ്ഞു.

"പ്രഥമദൃഷ്ട്യ ഇത് ശൈശവ വിവാഹമാണെന്ന് കോടതി പ്രഖ്യാപിക്കുകയും അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ അഭയ കേന്ദ്രത്തിൽ കുട്ടിയെ പാർപ്പിക്കാനും ഉത്തരവിട്ടു. കോടതി ഈ പരാതി മേൽ തീർപ്പ് കല്പിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേസ് പരിഗണനയ്ക്കെടുക്കും". അദ്ദേഹം വ്യക്തമാക്കി. ഇതോടെ ആര്‍സൂവിന് 18 വയസ്സു പ്രായമായെന്നും സ്വന്തം ഇഷ്ട്ട പ്രകാരമാണ് മതം മാറി വിവാഹം ചെയ്തതെന്നുമുള്ള പ്രതിയുടെ ആരോപണം പൊളിഞ്ഞിരിക്കുകയാണ്. സ്വതന്ത്ര മനസ്സോടെ ആർസൂവിന് ഇസ്ലാമിലേക്ക് മതം മാറാൻ പതിമൂന്നാം വയസ്സിൽ സാധ്യമാണോ എന്ന കാര്യം കോടതി വിശകലനം ചെയ്തിട്ടില്ലായെന്നും ഈ ഘട്ടത്തിൽ ശൈശവ വിവാഹം എന്ന പരാതി മാത്രമേ കോടതി പരിഗണിക്കുന്നുള്ളുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആർസുവിന്റെ പിതാവ് രാജാ മസീഹ് പ്രതികരിച്ചു. "കോടതി ഉചിതമായ തീരുമാനമെടുത്തതിന് ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങളുടെ മോൾ തിരിച്ച് വരണമെന്ന് മാത്രമേ ഞങ്ങൾക്ക് ആഗഹമുള്ളു. വേറോന്നും വേണ്ട". അദ്ദേഹം പറഞ്ഞു. ജഡ്ജിമാരെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആർസുവിന്റെ അമ്മ റീത്ത പറഞ്ഞു. വിഷയത്തില്‍ ഗവൺമെന്റും കോടതിയും സമയോചിതമായി ഇടപെട്ടുവെന്ന് സുവിശേഷ പ്രഘോഷകനായ ഗസാല ഷഫീക്ക് അഭിപ്രായപ്പെട്ടു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പെൺകുട്ടിയുടെ പ്രായം പതിനാല് ആണെന്ന് സ്ഥിരീകരിച്ചു. വ്യാജ രേഖകളുണ്ടാക്കി അലി അസ്ഹറുമായി വിവാഹം നടത്താൻ കൂട്ടുനിന്ന എല്ലാവർക്കുമെതിരെ നടപടിയെടുക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാസ്റ്റർ പറഞ്ഞു.

ജാമ്യം കിട്ടിയാലും ആർസൂവിനെ സന്ദർശിക്കുന്നതിൽ നിന്നും അലി അസ്ഹറിനെ വിലക്കിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികളെ തട്ടിയെടുത്ത് നിർബന്ധിത മതപരിവർത്തനവും വിവാഹവും നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിനെ നവംബര്‍ 8ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ കര്‍ദ്ദിനാള്‍ ജോസഫ് കോട്സ് വിമർശിച്ചിരുന്നു. കറാച്ചിയിലെ നിയമം, നീതി, നിയമനിർവഹണം, ഭരണഘടനാപരവും അടിസ്ഥാനപരവുമായ അവകാശങ്ങൾ എന്നിവയ്ക്കായുള്ള ഏകോപന സമിതിയുടെ തലവനാണ് അദ്ദേഹം. ആർസൂവിന്റെ തട്ടിക്കൊണ്ടു പോകലിനെയും നിർബന്ധിത മതപരിവർത്തനത്തെയും തന്റെ മൂന്നിരട്ടി പ്രായമുള്ളയാളുമായുള്ള നിർബന്ധിത വിവാഹത്തെയും കമ്മറ്റി അപലപിച്ചു.

കത്തോലിക്ക സഭ, ആംഗ്ലിക്കൻ സഭ, പെന്തക്കോസ്തല്‍ ബാപ്റ്റിസ്റ്റ് സഭകളും മറ്റെല്ലാ സഭകളും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വർദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങളിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തി. അതേസമയം 2016ൽ അവതരിപ്പിച്ചിട്ടും ഇതുവരെ പാസാകാത്ത നിർബന്ധിത മതപരിവർത്തനത്തിനെതിരെയുളള ബില്ല് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »