News - 2025
മാതൃരാജ്യത്ത് ഭ്രൂണഹത്യയ്ക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചക ശബ്ദം 26-11-2020 - Thursday
ബ്യൂണസ് അയേഴ്സ്: മാതൃരാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കാനുളള അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന വനിതകൾക്ക് പിന്തുണയും ഐക്യദാർഢ്യവും കത്തിലൂടെ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള ബില്ല് കഴിഞ്ഞ ആഴ്ചയാണ് അർജന്റീനയുടെ പാർലമെന്റിൽ പ്രസിഡൻറ് അവതരിപ്പിച്ചത്. പിന്നാലെയാണ് നവംബർ 18നു എട്ടു വനിതകൾ പ്രസിഡൻറ് അവതരിപ്പിച്ച ബില്ല് ദരിദ്രരായ സ്ത്രീകളെ ലക്ഷ്യംവെച്ച് ഉള്ളതാണെന്ന ആശങ്ക പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതിയത്. തങ്ങളുടെ ശബ്ദം മറ്റുള്ളവരിൽ എത്തിക്കാൻ സഹായിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പാപ്പ മറുപടി നൽകുകയായിരിന്നു.
ഭ്രൂണഹത്യ എന്നത് മതപരമായ ഒരു വിഷയം മാത്രമല്ലെന്നും, മറിച്ച് അതിനേക്കാൾ ഉപരിയായി മാനുഷിക ധാർമികതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും മറുപടി കത്തിൽ ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ഒരു മനുഷ്യ ജീവന് ഇല്ലാതാക്കുന്നത് ശരിയാണോ എന്ന് പാപ്പ കത്തിൽ ചോദ്യമുയർത്തി. കൂടാതെ ഒരു കൊലയാളിയെവെച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നത് ശരിയാണോയെന്നും ഫ്രാൻസിസ് മാർപാപ്പ കത്തിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്. ജീവൻറെ മൂല്യം മനസ്സിലാക്കിയവരാണ് തനിക്ക് കത്ത് എഴുതിയ വനിതകളന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.
അവരെക്കുറിച്ചു രാജ്യം അഭിമാനിക്കുന്നു. ഭ്രൂണഹത്യക്കെതിരെ നടത്തുന്ന പോരാട്ടത്തിനും, സാക്ഷ്യത്തിനും തന്റെ ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നതായും ഫ്രാൻസിസ് മാർപാപ്പ കത്തിൽ എഴുതി. 2018ൽ ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനു വേണ്ടി ചർച്ചകൾ ഉരുതിരിഞ്ഞപ്പോൾ തന്നെ തങ്ങൾ പരസ്പരം കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്ന് അർജന്റീനക്കാരായ വനിതകളുടെ കത്തിൽ പറയുന്നു. പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതിനെ പറ്റിയും, വീടുകളിൽ സർവ്വേ നടത്തിയതിനെ പറ്റിയും കത്തിൽ പരാമർശിക്കുന്നുണ്ട്. സർവ്വേയിൽ പങ്കെടുത്ത 80% സ്ത്രീകളും ഭ്രൂണഹത്യയെ എതിർക്കുന്നവരാണ്.
അർജന്റീനയിലെ ലാ നാസിയോൻ എന്ന മാധ്യമമാണ് രണ്ടു കത്തുകളും പ്രസിദ്ധീകരിച്ചത്. ഗര്‍ഭഛിദ്ര അനുകൂല ബില്ല് അവതരിപ്പിച്ചതിൽ ഫ്രാൻസിസ് മാർപാപ്പ പരിഭവപ്പെടില്ലായെന്ന് പ്രസിഡന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ ശക്തമായ മറുപടിയുമായി രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. പൊതുജന ആരോഗ്യ പ്രശ്നം പരിഹരിക്കാൻ എന്ന പേരുമായാണ് പ്രസിഡൻറ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അർജൻറീനയുടെ മെത്രാൻ സമിതി അടക്കം പ്രസിഡന്റ് ഫെർണാണ്ടസിന്റെ വാദങ്ങൾ പൊള്ളയാണെന്ന് പറയുന്നു. ഡിസംബർ മാസത്തില്‍ ബില്ല് ചർച്ചയ്ക്കെടുക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക