News

ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ഭവനങ്ങള്‍ക്കും നേരെ ആക്രമണം: പൊള്ളലേറ്റ വയോധിക ആശുപത്രിയില്‍

പ്രവാചക ശബ്ദം 01-12-2020 - Tuesday

കെയ്റോ: ഈജിപ്തിലെ മിന്യാ ഗവര്‍ണറേറ്റിലെ ബര്‍ഷാ ഗ്രാമത്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഇസ്ലാമിക നിലപാടുള്ള ജനക്കൂട്ടത്തിന്റെ ആക്രമണം. ക്രിസ്ത്യാനി എന്നു ആരോപിക്കപ്പെടുന്ന ഒരാള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇസ്ലാം വിരുദ്ധമെന്ന് കരുതപ്പെടുന്ന ലേഖനം പോസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്നായിരുന്നു തീവ്ര നിലപാടുള്ള ജനസമൂഹം ആക്രമണം അഴിച്ചുവിട്ടത്. നിരവധി ദേവാലയങ്ങളും, ക്രിസ്ത്യന്‍ ഭവനങ്ങളും, കടകളും ആക്രമണത്തിനിരയായി. കല്ലുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ പൊള്ളലേറ്റ പ്രായമായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വീടും അക്രമികള്‍ അഗ്നിക്കിരയാക്കി.

ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടു ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോമ്പുകാലത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട ദിവ്യകര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെ ‘അബൌ സെഫിന്‍’ ദേവാലയം ആക്രമിക്കുവാന്‍ ശ്രമിച്ചതായും മാധ്യമ റിപ്പോര്‍ട്ടുണ്ട്. ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മിനിബസ് അക്രമികള്‍ അഗ്നിക്കിരയാക്കി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ആക്രമണത്തിന് ശേഷം മിന്യാ ഗവര്‍ണര്‍ ജെനറല്‍ ഒസാമ അല്‍ ക്വാദി ഗ്രാമത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, സഹവര്‍ത്തിത്ത്വവും സഹിഷ്ണുതയും നിലനിര്‍ത്തുവാന്‍ ഇസ്ലാം പുരോഹിതരോടു ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ഈജിപ്തില്‍ മതനിന്ദയുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം ഈ വര്‍ഷം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. അക്രമത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും ഇതിനുത്തരവാദികളായവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള സന്നദ്ധ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ സി.ഇ.ഒ സ്കോട്ട് ബോവര്‍ ആവശ്യപ്പെട്ടു. വടക്കന്‍ ഈജിപ്തിലെ ഗ്രാമീണ മേഖലകളില്‍ നിന്നും ക്രൈസ്തവരെ ആക്രമിക്കുന്നതും അവരെ നിര്‍ബന്ധിത പലായനത്തിലേക്ക് നയിക്കുന്നതും തിവായിരിക്കുകയാണെന്നു ക്രൈസ്തവ് വിരുദ്ധ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘ഓപ്പണ്‍ ഡോഴ്സ് യു.എസ്.എ’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ പതിനാറാമതാണ് ഈജിപ്തിന്റെ സ്ഥാനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 604