News - 2025

ഇന്തോനേഷ്യയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ നാല് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

പ്രവാചക ശബ്ദം 29-11-2020 - Sunday

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ പത്തോളം വരുന്ന ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടു. ഇവരിൽ ഒരാളെ തലയറുത്താണ് കൊല ചെയ്തത്. കൂടാതെ കൊല്ലപ്പെട്ടവരുടെ വീടുകൾ തീവ്രവാദികൾ തീയിട്ട് നശിപ്പിച്ചുവെന്ന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിൽ ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണ് വെള്ളിയാഴ്ച നടന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ നിരീക്ഷകനായ ആൻഡ്രിയാസ് ഹർസാനോ റോയിട്ടേഴ്സിനോട് പറഞ്ഞു. ദൃക്സാക്ഷി നൽകിയ മൊഴിയെ അടിസ്ഥാനപ്പെടുത്തി ഇന്തോനേഷ്യൻ പോലീസ് സേനയുടെ വ്യക്താവ് അവി സെറ്റിയോനോയാണ് വിശദ വിവരങ്ങൾ പുറത്തു വിട്ടത്.

ക്രൈസ്തവരാണ് ഇരകളെന്നും, അധികൃതർ ഉടനെതന്നെ തക്കതായ നടപടി സ്വീകരിക്കണമെന്നും ഇന്തോനേഷ്യയിലെ ക്രൈസ്തവസഭകളുടെ സംയുക്ത കൂട്ടായ്മയുടെ അധ്യക്ഷൻ ഗോമാർ ഗൂൾട്ടം ആവശ്യപ്പെട്ടു. തീവ്രവാദി എന്ന് കരുതപ്പെടുന്ന ഒരാൾ സുലവേസി ഗ്രാമത്തിൽ നാല് ക്രൈസ്തവരെ വധിക്കുകയും, ഒരു ദേവാലയവും ഏതാനം ക്രൈസ്തവ ഭവനങ്ങളും നശിപ്പിക്കുകയും ചെയ്തെന്ന് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംഭവം നടന്നത് മധ്യ സുലവേസി പ്രവിശ്യയിലെ സിഗി പ്രദേശത്തിനടുത്തുള്ള വിദൂര മലയോരഗ്രാമത്തിലായതിനാല്‍ ഇന്തോനേഷ്യൻ പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കാലതാമസം നേരിടുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 604