News - 2025

ജനീവയില്‍ പൊതു ആരാധനകള്‍ക്കു ഏര്‍പ്പെടുത്തിയ വിലക്ക് കോടതി റദ്ദാക്കി

പ്രവാചക ശബ്ദം 06-12-2020 - Sunday

ജനീവ: ‘ലോകത്തിന്റെ മനുഷ്യാവകാശങ്ങളുടെ തലസ്ഥാനം’ എന്നറിയപ്പെടുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ പൊതു ആരാധനകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സ്വിസ്സ് കോടതി താല്‍ക്കാലികമായി റദ്ദാക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് വിലക്ക് റദ്ദാക്കിക്കൊണ്ട് ജനീവ കാന്റണിലെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബര്‍ ഉത്തരവിട്ടത്. കൊറോണ വൈറസിന്റെ പകര്‍ച്ച തടയുന്നതിനായി പ്രാദേശിക അധികാരികള്‍ നവംബര്‍ 1ന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മതസംഘടനകളും വിശ്വാസികളും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ വിലക്ക് റദ്ദാക്കപ്പെട്ടത്. ഇതോടെ കോടതിയുടെ അന്തിമവിധി വരും വരെ ഇനിമുതല്‍ ജനീവയിലും പരിസര പ്രദേശങ്ങളിലും വിശ്വാസീ പങ്കാളിത്തത്തോടെയുള്ള പൊതു ആരാധനകള്‍ക്കു അനുമതി ലഭിച്ചിരിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ 26 കാന്റണുകളില്‍ (ഭരണ വിഭാഗം) ഒന്നാണ് ജനീവ.

കാന്റണില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് ആരാധനാലയങ്ങള്‍ കാരണമായിട്ടില്ലെന്ന വസ്തുത കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മതപരമല്ലാത്ത പൊതു കൂട്ടായ്മകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മതപരമായ ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി വിവേചനപരമാണെന്നു സാമുവല്‍ സൊമ്മാരുഗാക്ക് വേണ്ടി കേസ് ഫയല്‍ ചെയ്ത അഭിഭാഷകനായ സ്റ്റീവ് ആള്‍ഡര്‍ പറഞ്ഞു. യൂറോപ്പില്‍ പൊതു ആരാധനകള്‍ക്കേര്‍പ്പെടുത്തിയ ഏറ്റവും വലിയ വിലക്കുകളിലൊന്നാണ് ജനീവയിലേതെന്ന്‍ ആള്‍ഡര്‍ ചൂണ്ടിക്കാട്ടി. വിലക്ക് നടപ്പിലാക്കുന്നത് സ്വിസ്സ് ഭരണഘടനയില്‍ ഉറപ്പുനല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റേയും, അന്താരാഷ്‌ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടേയും ലംഘനമാണെന്നും ആള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

വിലക്കിനെതിരായ കേസിനെ പിന്താങ്ങിക്കൊണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണലും രംഗത്തെത്തിയിരുന്നു. ‘ശരിയായ ദിശയിലുള്ള സുപ്രധാന നടപടി’ എന്നാണ് വിലക്ക് റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ ‘എ.ഡി.എഫ്’ന്റെ ലീഗല്‍ കൗണ്‍സല്‍ ആയ ജെന്നിഫര്‍ ലീ വിശേഷിപ്പിച്ചത്. വിലക്ക് റദ്ദാക്കിയതിന്റെ പിന്നാലെ പൊതു ആരാധനകളില്‍ 50 പേരില്‍ കൂടുതല്‍ പാടില്ലെന്നും, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്നും ജനീവയിലെ കത്തോലിക്കാ സഭ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »