News - 2025

ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സംരക്ഷണം തങ്ങളുടെ കടമ: ജോര്‍ദ്ദാന്‍ രാജാവ്

പ്രവാചക ശബ്ദം 13-12-2020 - Sunday

അമ്മാന്‍: ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പ് ഒരു നൂറ്റാണ്ടിലധികമായി തങ്ങള്‍ അഭിമാനപൂര്‍വ്വം നിര്‍വഹിച്ചുവരുന്ന കടമയാണെന്നും, വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സംരക്ഷണം ഹാഷ്മൈറ്റ് രാജവംശമെന്ന നിലയില്‍ തങ്ങളുടെ കടമയാണെന്നും ജോര്‍ദ്ദാനിലെ അബ്ദല്ല രണ്ടാമന്‍ രാജാവ്. ഇക്കഴിഞ്ഞ ഡിസംബര്‍ 10ന് ജോര്‍ദ്ദാന്‍ പാര്‍ലമെന്റിന്റെ പത്തൊന്‍പതാത് എക്സ്ട്രാഓര്‍ഡിനറി സെഷനിലെ ‘സ്പീച്ച് ഫ്രം ദി ത്രോണ്‍’ പ്രസംഗത്തിലാണ് ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങളുടെ സംരക്ഷണം തങ്ങളുടെ കടമയാണെന്ന കാര്യം ജോര്‍ദ്ദാന്‍ രാജാവ് ആവര്‍ത്തിച്ചത്.

ജെറുസലേമിനേയും, അതിന്റെ വ്യക്തിത്വത്തേയും, പുണ്യസ്ഥലങ്ങളേയും സംരക്ഷിക്കുന്നതില്‍ നിന്നും തങ്ങള്‍ പിന്‍മാറില്ലെന്നും, സമാധാനത്തിന്റെ പ്രതീകമായ ജെറുസലേമിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുവാനും മറ്റുമുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ പതറില്ലെന്നും ജോര്‍ദ്ദാന്‍ രാജാവ് പറഞ്ഞു. ജറുസലേമിലെ പ്രശസ്തമായ തിരുക്കല്ലറ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് 2018 നവംബര്‍ മാസം തനിക്ക് ലഭിച്ച ടെമ്പിള്‍ടണ്‍ അവാര്‍ഡ് തുകയുടെ നല്ലൊരു ഭാഗം അബ്ദല്ല രണ്ടാമന്‍ നീക്കിവെച്ചത് അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരുന്നു.


Related Articles »