News

വിശുദ്ധ നാട്ടിലെ സഭൈക്യ പ്രാർത്ഥനാവാരത്തിൽ പങ്കുചേര്‍ന്ന് വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികൾ

പ്രവാചകശബ്ദം 29-01-2024 - Monday

ജെറുസലേം: വിശുദ്ധ നാട്ടിലെ സഭൈക്യ പ്രാർത്ഥനാവാരത്തിൽ സജീവമായി പങ്കെടുത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍. 1973-ൽ ജെറുസലേമിലെ ബെനഡിക്‌ടൈൻ ആശ്രമ കോമ്പൗണ്ടിനുള്ളിൽ, മുൻ ബെനഡിക്‌ടൈൻ മഠാധിപതി ലോറൻഷിയസ് ക്ലീൻ (1928-2005) ആരംഭിച്ച, 50 വർഷമായി തുടരുന്ന 'സ്റ്റുഡിയൻജാഹ്ർ' എന്ന് വിളിക്കുന്ന എക്യുമെനിക്കൽ സ്റ്റഡീസിൻ്റെ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന ജർമ്മൻഭാഷ സംസാരിക്കുന്ന ദൈവശാസ്ത്ര വിദ്യാർത്ഥികളാണ് സഭൈക്യ പ്രാർത്ഥനാവാരത്തിൽ ഒന്നുചേര്‍ന്നത്. കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് , ഇവാഞ്ചലിക്കൽ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെ വിശുദ്ധ നാട്ടില്‍ പഠിക്കാൻ ഒരുമിച്ച്‌ കൂട്ടുക എന്നതായിരുന്നു ഫാ. ക്ലീനിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് പ്രോഗ്രാമിൻ്റെ ഡീൻ, ജോഹന്ന എർസ്ബെർഗർ അനുസ്മരിച്ചു.

എല്ലാ വർഷവും ഏകദേശം ഇരുപതോളം ദൈവശാസ്ത്ര വിദ്യാർത്ഥികളാണ് കര്‍ത്താവിന്റെ മനുഷ്യാവതാരത്തിനും രക്ഷാകർമ്മത്തിനും സാക്ഷ്യം വഹിച്ച വിശുദ്ധ നാട്ടില്‍ ഒരുമിച്ച് ധ്യാനിക്കുവാനും പഠിക്കുവാനും പ്രാർത്ഥിക്കുവാനും ജെറുസലേമിലെത്തുന്നത്. സഭൈക്യത്തിനുള്ള പ്രാർത്ഥനാവാരത്തോടനുബന്ധിച്ച്, ജനുവരി 25-ന് യേശു തൻ്റെ പീഡാനുഭവത്തിനുമുൻപ് അപ്പോസ്തലന്മാരുമായി അന്ത്യ അത്താഴം പങ്കിട്ടതായി നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന ജെറുസലേമിലെ മൗണ്ട് സീയോനിലെ അപ്പർ റൂമില്‍ നടന്ന പ്രത്യേക പ്രാർത്ഥനയിലും സജീവമായി പങ്കെടുത്തു. സഭൈക്യ പ്രാർത്ഥനയ്ക്ക് ശേഷം, സംഗീത പരിപാടിയും നടന്നു.

പ്രാർത്ഥനയ്ക്ക് അധ്യക്ഷത വഹിച്ച ബെനഡിക്ടൈൻ മഠാധിപതിയും സഭൈക്യപഠനത്തിലും പൗരസ്ത്യ സഭകളിലും വിദഗ്ധനുമായ ഫാ. നിക്കോദേമോസ് ഷ്നാബെൽ, കര്‍ത്താവിന്റെ അന്ത്യത്താഴമുറി ഏത് ക്രൈസ്തവ സഭാവിഭാഗത്തിനും അതീതമാണെന്നും 'എല്ലാവരും ഒന്നാകാൻവേണ്ടി' കര്‍തൃ പ്രാർത്ഥനയ്ക്കു ഈ ദിവസങ്ങളിൽ കൂടുതൽ പ്രാധാന്യമുള്ളതാണെന്നും പറഞ്ഞു. ജെറുസലേമിൽ നിന്ന് ലോകത്തിന് ശക്തമായ ഒരു അടയാളമായി എല്ലാ സഭാ തലവൻമാരെയും ഒരുമിച്ച്കൂട്ടികൊണ്ട് പൗരസ്ത്യ, പാശ്ചാത്യ സഭകൾ ഒന്നിച്ച് ഉയിര്‍പ്പ് തിരുനാളും പന്തക്കുസ്ത തിരുനാളും ആഘോഷിക്കുന്ന 2025 ആണ് തന്റെ സ്വപ്നമെന്ന് ഫാ നിക്കോദേമോസ് ഷ്നാബെൽ പങ്കുവച്ചു.


Related Articles »